പീഡനത്തിന് ഇരയായ സ്ത്രീകൾ സംസാരിച്ചെന്ന പരാമർശം; രാഹുൽ ഗാന്ധിയുടെ വീട്ടിൽ ഡൽഹി പൊലീസ്
|ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പീഡനത്തിന് ഇരയായ സ്ത്രീകൾ തന്നോട് സംസാരിച്ചെന്ന പരാമർശത്തിന്റെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഡൽഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തി. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു.
ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഇവർക്ക് സംരക്ഷണം ഒരുക്കാനാണ് വിവരങ്ങൾ തേടുന്നത് എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.
മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പൊലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. ഇന്ന് വീട്ടിൽ എത്തിയ പൊലീസിന് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചത് രണ്ടുമണിക്കൂറുകൾക്ക് ശേഷമാണ്. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള പൊലീസ് നടപടിയിൽ പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.
രാഹുൽ നിയമപരമായി നോട്ടീസിന് മറുപടി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന് എതിരെയുള്ള സർക്കാരിൻ്റെ പ്രതികാരമാണ് നോട്ടീസ് എന്ന് അശോക് ഗെഹ്ലോട്ട് ഉൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചു.
എന്നാൽ താൻ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി പാർലമെൻ്ററി സമിതി യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ പറയേണ്ട വേദി ഇതല്ലെന്ന് സമിതിയിൽ ഉണ്ടായിരുന്ന ബി.ജെ.പി അംഗങ്ങൾ നിലപാട് സ്വീകരിച്ചു.