India
Delhi Police at the residence of Brij Bhushan Sharan Singh, Delhi Police, Brij Bhushan Sharan Singh, Brij Bhushan Singh sexual harassment case, wrestlers protest,
India

ബ്രിജ് ഭൂഷണിന്‍റെ വസതിയില്‍ ഡല്‍ഹി പൊലീസ്; ചോദ്യംചെയ്തേക്കും

Web Desk
|
6 Jun 2023 4:04 AM GMT

ഗുസ്തിതാരം സാക്ഷി മാലിക് ഇന്നലെ റെയിൽവേ ജോലിയിൽ തിരിച്ചുകയറിയിരുന്നു

ലഖ്‌നൗ: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസ് എത്തിയത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യംചെയ്യാനാണ് സംഘം എത്തിയതെന്നാണ് വിവരം. ബ്രിജ് ഭൂഷണിനെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്.

12 പേരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ പിന്തുണയ്ക്കുന്ന മറ്റു നിരവധി പേരെയും അന്വേഷണസംഘം ചോദ്യംചെയ്തതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുള്ളത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡനപരാതിയിൽ കഴിഞ്ഞ ഏപ്രിൽ 28ന് ഡൽഹിയിലെ കൊണോട്ട്‌പ്ലേസ് പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. സാക്ഷി മാലിക് നോർത്തേൺ റെയിൽവേയിലെ ജോലിയിൽ തിരിച്ചുകയറി. ഇതോടൊപ്പം ബജ്റങ് പുനിയയും വിനേഷ് ഫോഗട്ടും റെയിൽവേയിലെ ജോലിയിലേക്ക് മടങ്ങുമെന്നാണ് വിവരം.

എന്നാൽ, സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിജ് ഭൂഷൺ വിഷയത്തിൽ നീതി ലഭിക്കും വരെ പോരാട്ടം തുടരും. സമരത്തോടൊപ്പം റെയിൽവേയിലെ ഉത്തരവാദിത്തവും നിർവഹിക്കും. സമരത്തിൽനിന്ന് പിന്മാറിയതായുള്ള വാർത്തകൾ വ്യാജമാണെന്നും സാക്ഷി ട്വീറ്റിൽ വ്യക്തമാക്കി.

ശനിയാഴ്ച രാത്രി സ്വന്തം വസതിയിലായിരുന്നു ഗുസ്തി താരങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ലൈംഗിക പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടി വേണമെന്ന ആവശ്യമുയർത്തിയായിരുന്നു താരങ്ങൾ ആഭ്യന്തര മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ബജ്റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ഗീത ഫോഗട്ട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Summary: The Delhi Police on Tuesday arrived at the residence of Wrestling Federation of India (WFI) chief Brij Bhushan Sharan Singh in Uttar Pradesh's Gonda and records statements of 12 people in connection with the wrestlers' allegations of sexual harassment

Similar Posts