India
പിഎഫ്ഐ നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ, കനത്ത ജാഗ്രതയിൽ പൊലീസ്
India

പിഎഫ്ഐ നിരോധനം; ഡൽഹിയിൽ വൻ സുരക്ഷ, കനത്ത ജാഗ്രതയിൽ പൊലീസ്

Web Desk
|
29 Sep 2022 3:43 AM GMT

പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു. നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ കനത്ത ജാഗ്രതയിലാണ് ഡൽഹി പൊലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് നടപടി.

അതാത് ജില്ലകളിലെ ഡിസിപിമാർ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് തയ്യാറാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി, വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ച് വർഷത്തേക്കാണ് രാജ്യത്ത് പോപ്പുലർ ഫ്രണ്ട് നിരോധിച്ചത്.

കേരളത്തിലെ കൈവെട്ട് കേസ് , അഭിമന്യു , സഞ്ജിത്ത് കൊലപാതകങ്ങൾ എന്നിവയെ കുറിച്ചും നിരോധന ഉത്തരവിൽ പരാമർശമുണ്ട്. യു.പി , ഗുജറാത്ത്, കർണാടക സർക്കാരുകളുടെ ശുപാർശ കൂടി പരിഗണിച്ചാണ് തീരുമാനം. കാമ്പസ് ഫ്രണ്ട് , റിഹാബ് ഫൌണ്ടേഷൻ ഉൾപ്പെടെ പി.എഫ്.ഐ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാകും.

Similar Posts