വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് പരാതി; മന്ത്രി പുത്രനെ തേടി ഡൽഹി പൊലീസ് ജയ്പൂരിൽ
|കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി
ഡൽഹി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രാജസ്ഥാനിലെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിലെത്തി. രാജസ്ഥാൻ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംങ് മന്ത്രിയായ മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
മന്ത്രിയുടെ ജയ്പൂരിലെ രണ്ടു വസതിയിലടക്കം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 24 കാരിയാണ് മന്ത്രിപുത്രനെതിരെ പരാതി നൽകിയത്. വിവാഹവാഗ്ദാനം ചെയ്ത് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.ആദ്യകൂടിക്കാഴ്ചക്ക് പിന്നാലെ ഇയാൾ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന് യുവതി പറയുന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചെന്നും നഗ്നഫോട്ടോകളും വീഡിയോകളും എടുത്തെന്നും പരാതിയിൽ പറയുന്നു.
അതേസമയം മകനെതിരായ ആരോപണങ്ങളോട് പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. മാധ്യമ വിചാരണ നിർത്തണമെന്നും പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചാൽ സത്യം തെളിയുമെന്നും മന്ത്രി പറഞ്ഞു.