India
കൊലക്കേസ് പ്രതിയായ സുശീല്‍ കുമാറിനൊപ്പം ഫോട്ടോ; പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
India

കൊലക്കേസ് പ്രതിയായ സുശീല്‍ കുമാറിനൊപ്പം ഫോട്ടോ; പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Web Desk
|
26 Jun 2021 4:04 AM GMT

സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സുശീല്‍ കുമാറിനെ മണ്ഡോളി ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റിയത്.

കൊലപാതകക്കേസില്‍ പ്രതിയായ ബോക്‌സിങ് താരം സുശീല്‍ കുമാറിനൊപ്പം ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സുശീല്‍ കുമാറിനെ മണ്ഡോളി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് വെള്ളിയാഴ്ച ഡല്‍ഹി ആംഡ് പൊലീസിലെ ഉദ്യോഗസ്ഥന്‍മാര്‍ സുശീലിനൊപ്പം ഫോട്ടോയെടുത്തത്. ഡല്‍ഹിയിലെ വിചാരണക്കോടതി സുശീല്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ ഒമ്പത് വരെ നീട്ടിയിരുന്നു.

റെസ്‌ലിങ് താരം സാഗര്‍ ധാങ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്. ഛാത്രാസല്‍ സ്റ്റേഡിയത്തില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ധാങ്കര്‍ കൊല്ലപ്പെട്ടത്.




സുരക്ഷാ ഭീഷണിയുള്ളതിനാലാണ് സുശീല്‍ കുമാറിനെ മണ്ഡോളി ജയിലില്‍ നിന്ന് തിഹാറിലേക്ക് മാറ്റിയത്. സുശീലിനെ കൊണ്ടുപോവാനായി മണ്ഡോളി ജയിലിലെത്തിയ ആംഡ് പൊലീസ് ബറ്റാലിയന്‍ ഉദ്യോഗസ്ഥന്‍മാര്‍ സുശീലിനൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. അപകടകാരികളായ പ്രതികളുടെ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥന്‍മാര്‍ക്ക് കൈമാറാന്‍ നിര്‍ദേശമുണ്ട്. ഇതിനായാണ് ഇവര്‍ സുശീലിനൊപ്പം ഫോട്ടോയെടുത്തത്. എന്നാല്‍ ഈ ഫോട്ടോകള്‍ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന് പുറമെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുകയായിരുന്നു.

Similar Posts