India
Delhi political strategy on congress-aap alliance
India

ഭിന്നതകൾ മറന്ന് കോൺഗ്രസും എ.എ.പിയും; ഡൽഹിയിൽ ബി.ജെ.പി വീഴുമോ?

Web Desk
|
14 May 2024 4:49 AM GMT

ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നിടത്താണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. നാലിടത്ത് സഖ്യകക്ഷിയായ എ.എ.പി മത്സരിക്കും.

''ഈ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം കക്ഷി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഇത്തവണ ഒരുമിച്ചിരിക്കുന്നു''...പറയുന്നത് ആം ആദ്മി പാർട്ടി പ്രവർത്തകനായ ബാബു ശൈഖ്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയായ കനയ്യ കുമാർ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാലിയിൽ പങ്കെടുത്ത ശേഷമായിരുന്നു ബാബുവിന്റെ പ്രതികരണം. നൂറുകണക്കിന് എ.എ.പി-കോൺഗ്രസ് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്.

ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നിടത്താണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. നാലിടത്ത് സഖ്യകക്ഷിയായ എ.എ.പി മത്സരിക്കും. 2014ലും 2019ലും ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തുവാരുകയായിരുന്നു. ഇത്തവണ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷ.

എ.എ.പിയുമായുള്ള സഖ്യം പൂർണമായും മാനസികമായി ഉൾക്കൊള്ളാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് മുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം. മെയ് ആദ്യവാരത്തിൽ പി.സി.സി അധ്യക്ഷൻ അരവിന്ദർ സിങ് ലൗലി അടക്കമുള്ള അഞ്ച് മുതിർന്ന നേതാക്കൾ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. എ.എ.പിയുമായുള്ള സഖ്യത്തെ എതിർക്കുന്നവരെ കോൺഗ്രസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.

കോൺഗ്രസ് പ്രവർത്തകർക്കിടയിലും ഈ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇരു ചേരികളിലായി നിൽക്കുന്ന രണ്ട് പാർട്ടികൾ പെട്ടെന്ന് സഖ്യത്തിലാവുമ്പോൾ ചില വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടി പ്രവർത്തകരെ ഉദ്ധരിച്ച് സ്‌ക്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നു. ലൗലിയെപ്പോലുള്ള നേതാക്കൾ പുറത്തുപോയത് കോൺഗ്രസ് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് എ.എ.പി പ്രവർത്തകനായ മുഹമ്മദ് ഷിറാസ് പറഞ്ഞു. എന്നാൽ ഏതെങ്കിലും നേതാവിന്റെ നയമല്ല, പാർട്ടി നിലപാടാണ് പ്രധാനമെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ഷിറാസ് പറയുന്നു.

തുടർച്ചയായി രണ്ടു തവണയും ബി.ജെ.പി ഡൽഹി തൂത്തുവാരിയതോടെയാണ് എല്ലാ ഭിന്നതയും മറക്കാൻ കോൺഗ്രസ്-എ.എ.പി നേതൃത്വം തീരുമാനിച്ചത്. രണ്ടാം യു.പി.എ സർക്കാരിനെതിരായ അണ്ണാ ഹസാരെയുടെ സമരത്തിലൂടെയാണ് കെജ്‌രിവാൾ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നുവരുന്നത്. 2013ൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 28 സീറ്റാണ് എ.എ.പി നേടിയത്. അന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പുറത്തുനിന്ന് എ.എ.പിയെ പിന്തുണക്കുകയായിരുന്നു. 49 ദിവസം അധികാരത്തിലിരുന്ന കെജ്‌രിവാൾ പിന്നീട് രാജിവച്ചു. പിന്നീട് ഒരു വർഷത്തോളം രാഷ്ട്രപതി ഭരണത്തിലായിരുന്നു ഡൽഹി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടിയാണ് കെജ്‌രിവാൾ വീണ്ടും മുഖ്യമന്ത്രിയായത്. 2013ൽ എ.എ.പിയെ പിന്തുണച്ചതും ഇപ്പോൾ പിന്തുണക്കുന്നതും തെറ്റായ തീരുമാനമാണെന്ന് കോൺഗ്രസ് വിട്ട നസീബ് സിങ് പറഞ്ഞു.

കോൺഗ്രസിന്റെ ചെലവിലാണ് ഡൽഹിയിൽ എ.എ.പി നേട്ടമുണ്ടാക്കുന്നതെന്ന് നസീബ് സിങ് ആരോപിച്ചു. 2013ൽ എ.എ.പിയുടെ വോട്ട് വിഹിതം 29.5 ശതമാനമായിരുന്നു. 2015ൽ എ.എ.പി അധികാരത്തിലെത്തിയപ്പോൾ അവരുടെ വോട്ട് വിഹിതം 54.3 ശതമാനമായി ഉയർന്നു. ബി.ജെ.പി അവരുടെ വോട്ട് വിഹിതം കുറയാതെ നിർത്തിയപ്പോൾ കോൺഗ്രസിന്റേത് 24.5 ശതമാനത്തിൽനിന്ന് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു. 2020ൽ കോൺഗ്രസിന്റെ വോട്ട് വിഹിതം വീണ്ടും കുത്തനെ ഇടിഞ്ഞു. ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിക്കുകയും ചെയ്തു. ബി.ജെ.പിയും എ.എ.പിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലമായി ഡൽഹി മാറിയെന്നും നസീബ് സിങ് പറയുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിത്രം മറിച്ചാണെന്ന് മാധ്യമപ്രവർത്തകനും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.എ.പി സ്ഥാനാർഥിയുമായിരുന്ന അശുതോഷ് പറയുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് വിഹിതം വർധിക്കുകയും എ.എ.പിയുടേത് കുറയുകയും ചെയ്‌തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2014ൽ ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലായി എ.എ.പിയെ ജനങ്ങൾ കണ്ടിരുന്നു. 2019ൽ ആ വിശ്വാസം നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ എ.എ.പിക്ക് കോൺഗ്രസ് പിന്തുണ അനിവാര്യമാണെന്നും അശുതോഷ് പറയുന്നു.

2019ൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ കാര്യങ്ങളെന്നാണ് ഡൽഹി സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് പ്രൊഫസറായ അഭയ് ദുബെ പറയുന്നത്. 2019ൽ പുൽവാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ദേശീയ വികാരം ബി.ജെ.പിക്ക് സഹായകരമായിരുന്നു. എന്നാൽ ഇത്തവണ എ.എ.പി-കോൺഗ്രസ് സഖ്യം ബി.ജെ.പിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ, പ്രത്യേകിച്ച് മുസ്‌ലിം വോട്ടുകൾ ഭിന്നിക്കില്ലെന്നും ദുബെ പറയുന്നു.

കെജ്‌രിവാളിന്റെ അറസ്റ്റ് ഡൽഹിയിൽ ബി.ജെ.പിക്കെതിരെ പുതിയ പോർമുഖം തുറക്കാൻ കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നാണ് കെജ് രിവാൾ കഴിഞ്ഞ ദിവസം പാർട്ടി റാലിയിൽ പറഞ്ഞത്. അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കളെ ഒതുക്കാൻ 75 വയസ്സ് പ്രായപരിധി കൊണ്ടുവന്ന മോദി 75 വയസ്സായാൽ വിരമിക്കുമോ എന്ന ചോദ്യവും കെജ്‌രിവാൾ ഉന്നയിച്ചിരുന്നു. കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഡൽഹിയിൽ മോദി വിരുദ്ധ വികാരം ആളിക്കത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്-എ.എ.പി സഖ്യം.

Similar Posts