ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നു; ആം ആദ്മി പാർട്ടിയും കേന്ദ്രവും കോടതിയിലേക്ക്
|ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ന്യൂഡൽഹി: ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള കേന്ദ്ര ഓർഡിനൻസിനെ നിയമത്തിന്റെ വഴിയിലൂടെ നേരിടുന്നതിനൊപ്പം രാഷ്ട്രീയമായ പോരാട്ട വഴിയും തുറക്കുകയാണ് ആം ആദ്മി പാർട്ടി. ഓർഡിനൻസ് രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കരുത് എന്നാണ് ആം ആദ്മിയുടെ ആവശ്യം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ഡൽഹി സർക്കാരിന് നൽകിയ കോടതിവിധി മറികടക്കാൻ സഹായിക്കുന്നതാണ് ഓർഡിനൻസ്.
ഓർഡിനൻസിലൂടെ കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. പൊലീസ്, റവന്യു ഒഴികെ ബാക്കി വകുപ്പുകളിലെ അധികാരവും സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയയിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരവും തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് ഒരു സന്ദേഹത്തിനും ഇടയില്ലാതെ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി അപ്രസക്തമാക്കുന്ന രീതിയിലാണ് നിയമനത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ലെഫ്റ്റനന്റ് ഗവർണർക്ക് ഓർഡിനൻസിലൂടെ കേന്ദ്രം അധികാരം നൽകിയിരിക്കുന്നത്.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്‌സഭയിൽ ബില്ല് പാസാക്കാൻ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രം പുനഃപരിശോധന ഹരജി സമർപ്പിക്കുകയും ചെയ്തു. ജൂലൈ ആദ്യവാരം കഴിയാതെ ഭരണഘടനാ ബെഞ്ച് ചേരാൻ കഴിയില്ല. നിലവിൽ അവധിക്കാല ബെഞ്ച് മാത്രമാണ് സുപ്രിംകോടതിയിൽ പ്രവർത്തിക്കുന്നത്.