എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ
|എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായ ഇടപെടലാണ് നടത്തുന്നതെന്നും ലേബർ കമ്മീഷണറുടെ കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ന്യൂഡൽഹി: സമരം ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ പിന്തുണച്ച് ഡൽഹി റീജ്യണൽ ലേബർ കമ്മീഷണർ. എയർ ഇന്ത്യ മാനേജ്മെന്റിന് അയച്ച കത്തിലാണ് കമ്മീഷണർ ജീവനക്കാരുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് എച്ച്.ആർ വിഭാഗം വിവേകശൂന്യമായി ഇടപെട്ടെന്നും ഈ മാസം മൂന്നിന് അയച്ച കത്തിൽ ലേബർ കമ്മീഷണർ പറയുന്നുണ്ട്.
കഴിഞ്ഞ മാസം 26നാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എയർ ഇന്ത്യ ലിമിറ്റഡ് ചെയർമാന് വിവിധ ആരോപണങ്ങളുമായി കത്തയച്ചത്. ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷം തൊഴിലാളി വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കത്തിൽ പറയുന്നു. ശമ്പള വർധനയില്ല, അലവൻസുകൾ നൽകുന്നില്ല, അനാവശ്യമായി പിരിച്ചുവിടുന്നു, നിയമനത്തിൽ സ്വജനപക്ഷപാതം നടപ്പാക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
ലേബർ കമ്മീഷണർ ഇടപെട്ടിട്ടും ജീവനക്കാരുടെ പ്രശ്നത്തിൽ ഇടപെടാൻ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ അർധരാത്രി മുതൽ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.