ഡൽഹി കലാപക്കേസിൽ ആദ്യ ശിക്ഷാവിധി; പ്രതിക്ക് അഞ്ച് വർഷം തടവ്
|73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്ത സംഭവങ്ങളിൽ ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കു-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. ദിനേശ് യാദവ് എന്നയാളെയാണ് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. ഡൽഹി കലാപക്കേസിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് ദിനേശ് യാദവ്.
73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്ത സംഭവങ്ങളിൽ ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗോകുൽപുരിയിലെ ഭഗീരഥി വിഹാറിൽ താമസിക്കുന്ന മനോരി എന്ന 73 കാരിയുടെ വീടാണ് ഇയാളുടെ നേതൃത്വത്തിൽ കത്തിച്ചത്.
2020 ഫെബ്രുവരി 25ന് ഇരുനൂറോളം വരുന്ന കലാപകാരികൾ തന്റെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വീട്ടിലെ മറ്റ് അംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി പരിഗണിച്ചു. പ്രതി ദിനേശ് യാദവ് അക്രമിസംഘത്തിലുണ്ടായിരുന്നെന്നും എന്നാൽ വീട് കത്തിക്കുന്നത് തങ്ങൾ കണ്ടില്ലെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. അക്രമിസംഘത്തിന്റെ കൂടെയുള്ളയാളാണെങ്കിൽ വീട് കത്തിച്ചതിനും ഇയാൾ ഉത്തരവാദിയായി കണക്കാക്കാമെന്ന് ഡൽഹി കർകർദൂമ കോടതി നിരീക്ഷിച്ചു.