സാകേത് കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിയുതിര്‍ത്ത അഭിഭാഷകന്‍ അറസ്റ്റില്‍
|സാകേത് കോടതിയിലെ അഭിഭാഷകൻ കാമേശ്വർ പ്രസാദ് നാല് തവണ വെടിയുതിർത്തത്
ഡല്‍ഹി: ഡല്‍ഹി സാകേത് കോടതി വളപ്പിൽ വെടിവെപ്പ്. സ്ത്രീക്കും അഭിഭാഷകനും പരുക്കേറ്റു. അഭിഭാഷകൻ കാമേശ്വർ പ്രസാദാണ് വെടിയുതിർത്തത്. സാമ്പത്തിക തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി.
ഇന്നു രാവിലെ 11 മണിയോടെ മൂന്നാം നമ്പർ കോടതിക്ക് പുറത്താണ് വെടിവെപ്പ് ഉണ്ടായത്. സാകേത് കോടതിയിലെ അഭിഭാഷകൻ കാമേശ്വർ പ്രസാദ് നാല് തവണയാണ് വെടിയുതിർത്തത്. ബാർ കൗൺസിൽ ഡിബാർ ചെയ്ത അഭിഭാഷകനാണ് കാമേശ്വര്‍.
കാമേശ്വർ സ്ത്രീക്ക് 25 ലക്ഷം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം കോടതിയിൽ എത്തി. ഈ കേസിൽ ഹാജരാകാൻ എത്തിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. വയറിന് വെടിയേറ്റതിനെ തുടർന്ന് യുവതിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ച ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് പിടികൂടി.
ഡൽഹിയിലെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവെപ്പ് നടത്തിയിരുന്നു.