ഖുതുബ് മിനാറിൽ ഖനനം: വിധി പറയുന്നത് കോടതി മാറ്റിവച്ചു
|ഖുതുബ് മിനാറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു
ന്യൂഡൽഹി: ഖുതുബ് മിനാറിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിഷ്ണു ശങ്കർ ജയിൻ സമർപ്പിച്ച ഹരജിയിൽ വിധി പറയുന്നത് ഡൽഹി കോടതി മാറ്റി. ഡൽഹിയിലെ സാകേത് കോടതിയാണ് കേസിൽ വിധി പറയുന്നത് ഓഗസ്റ്റ് 24ലേക്ക് മാറ്റിവച്ചത്.
ഖുതുബ് മിനാർ വിഷയത്തിൽ കൂടുതൽ ഹരജികൾ കോടതിയിലെത്തിയതിനാൽ അതിൽകൂടി വാദം കേൾക്കണമെന്ന് ഹരജിക്കാർ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് വിധി പറയുന്നത് മാറ്റാൻ കോടതി തീരുമാനിച്ചത്. പുതിയ ഹരജികളിൽ കൂടി കോടതി വിശദമായ വാദം കേൾക്കും.
ഖുതുബ് മിനാർ സംരക്ഷിത സ്മാരകമായതിനാൽ ഖനനത്തിന് അനുമതി നൽകാനാകില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഹിന്ദു-ജൈന ക്ഷേത്രങ്ങളുടെ മുകളിലാണ് ഖുതുബ് മിനാർ സ്ഥിതിചെയ്യുന്നതെന്നാണ് ഹരജിക്കാരുടെ വാദം.
ഖുതുബ് മിനാറിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ചരിത്ര സ്മാരകത്തിന്റെ പേര് 'വിഷ്ണു സ്തംഭം' എന്നാക്കി മാറ്റണമെന്നയിരുന്നു ആവശ്യം. യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്വാൻ ഗോയലിന്റെ നേതൃത്വത്തിലായിരുന്നു ആവശ്യവുമായി രംഗത്തെത്തിയത്.
ഖുതുബ് മിനാർ നിർമിച്ചത് അഞ്ചാം നൂറ്റാണ്ടിൽ ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്ന് എ.എസ്.ഐ മുൻ റീജ്യനൽ ഡയരക്ടർ ധരംവീർ ശർമയും അവകാശപ്പെട്ടിരുന്നു. വിക്രമാദിത്യൻ സൂര്യനിരീക്ഷണത്തിനായി സ്ഥാപിച്ചതാണ് ഖുതുബ് മിനാറെന്നായിരുന്നു ധരംവീറിന്റെ വാദം. ഗ്യാൻവാപി, താജ്മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങൾക്കും ആരാധനാകേന്ദ്രങ്ങൾക്കുംമേൽ പുതിയ അവകാശവാദങ്ങൾ ഉയരുന്നതിനിടെയാണ് ഖുതുബ് മിനാറിനെ ചുറ്റിപ്പറ്റിയും വിവാദങ്ങൾ തലപൊക്കുന്നത്.
Summary: Delhi Court defers order on plea for restoration of temples at Qutub Minar