India
Delhi School Vice-Principal, Teachers Suspended Over Sex Assault Of 2 Boys
India

ആൺകുട്ടികളെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ച കേസ്; സ്കൂൾ വൈസ് പ്രിൻസിപ്പലിനും അധ്യാപകർക്കും സസ്പെൻഷൻ

Web Desk
|
29 Aug 2023 10:31 AM GMT

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അധ്യാപകരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്കൂളിൽ ആൺകുട്ടികളെ സഹപാഠികൾ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സ്കൂൾ വൈസ് പ്രിൻസിപ്പലിനെയും ചില അധ്യാപകരേയും സസ്പെൻഡ് ചെയ്തു. ‌പീഡനത്തിന് ഇരയായ വിദ്യാർഥികളുടെ പരാതിയിൽ നടപടിയെടുക്കാതിരുന്ന സാഹചര്യത്തിലാണ് നടപടി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അധ്യാപകരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കുട്ടികൾക്ക് അനുകൂലമായ അന്തരീക്ഷത്തിൽ പീഡനക്കേസുകൾ കൈകാര്യം ചെയ്യാനുള്ള മാർ​ഗനിർദേശങ്ങൾ സ്കൂളുകൾക്ക് നൽകാൻ‌ വിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം, സഹപാഠികളെ ലൈംഗികമായി പീഡിപ്പിച്ച ആണ്‍കുട്ടികള്‍ പിടിയിലായിരുന്നു. 12ഉം 13ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. ആറ് വിദ്യാർഥികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ട് ആൺകുട്ടികളുടെയും കുടുംബങ്ങൾ വ്യത്യസ്ത പരാതികളാണ് നൽകിയത്.

ഏപ്രിലിൽ സ്‌കൂളിൽ നടന്ന സമ്മർ ക്യാമ്പിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ക്യാമ്പിനിടെ, ആറു പേരടങ്ങുന്ന വിദ്യാർഥികളുടെ സംഘം തങ്ങളെ അടുത്തുള്ള പാർക്കിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവം ആരോടും പറയരുതെന്ന് പ്രതികളായ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതു കൂടാതെ, ശൗചാലയത്തിൽ വച്ചും ഇതേ വിദ്യാർഥികൾ പീഡിപ്പിച്ചതായി 12കാരന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അധ്യാപകനോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചെങ്കിലും ആരെയും അറിയിക്കരുതെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും നടപടി സ്വീകരിച്ചില്ലെന്നും കുട്ടികൾ ആരോപിച്ചു.

വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിയിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. പരാതിക്കാരായ വിദ്യാർഥികളെ കൗൺസിലിങ് ചെയ്തുവരികയാണ്. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിനും വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നോട്ടീസ് അയച്ചിരുന്നു.



Similar Posts