ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന്റെ പേരില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം; ആറാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍
|തലസ്ഥാനത്തെ ദയാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
ഡല്‍ഹി: സ്കൂളിൽ ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതിന് അധ്യാപകനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.തലസ്ഥാനത്തെ ദയാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
11 കാരനായ അര്‍ബാസിനെയാണ് മര്‍ദിച്ചത്. വിദ്യാര്‍ഥി ക്ലാസില്‍ ഹിന്ദി പുസ്തകം കൊണ്ടുവരാതിരുന്നതാണ് അധ്യാപകനായ സാദുൽ ഹസനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും പുറത്തുപോകാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ സാദുല്‍ തടയുകയും മര്‍ദിക്കുകയും കഴുത്ത് പിടിച്ചു ഞെരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മകൻ അർബാസിന് മൊഴി നൽകാനുള്ള സാഹചര്യമില്ലെന്നും അതിനാൽ മകനെ തല്ലിയ അധ്യാപകൻ സാദുൽ ഹസനെതിരെ പരാതി നൽകി നിയമനടപടി സ്വീകരിക്കണമെന്നും പിതാവ് മുഹമ്മദ് രാംജാനി ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദനമേറ്റ അര്‍ബാസിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില വഷളായിക്കൊണ്ടിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന് ആഗസ്ത് 6ന് മുഹമ്മദ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.