India
മോഷ്ടാവെന്ന് ആരോപിച്ച് 16കാരന് ക്രൂരമര്‍ദനം; നായകളുടെ കടിയേറ്റ് റോഡില്‍ ദാരുണാന്ത്യം
India

മോഷ്ടാവെന്ന് ആരോപിച്ച് 16കാരന് ക്രൂരമര്‍ദനം; നായകളുടെ കടിയേറ്റ് റോഡില്‍ ദാരുണാന്ത്യം

Web Desk
|
9 July 2021 6:06 AM GMT

തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപേരയില്‍ ബുധനാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്

മോഷ്ടാവെന്ന് ആരോപിച്ച് 16 കാരനെ ഫാമുടമ ക്രൂരമായി തല്ലിച്ചതച്ചു. തുടര്‍ന്ന് നായകളുടെ ആക്രമണത്തിനിരയായ കുട്ടി മരിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപേരയില്‍ ബുധനാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്.

ഡല്‍ഹിയിലെ ഡ്രൈവറുടെ മകനായ സന്ദീപ് മഹ്തോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിയോടെ സന്ദീപും സുഹൃത്തുക്കളും പ്രക്രാത്തി സന്ധു എന്നയാളുടെ ഫാമിലെത്തുകയായിരുന്നു. മോഷ്ടാക്കളാണെന്ന സംശയിച്ച് ഫാമിലെ കാവല്‍ക്കാരന്‍ സന്ദീപിനെയും സുഹൃത്തുക്കളെയും പിടികൂടി. ഓടിപ്പോകാന്‍ ശ്രമിച്ച സന്ദീപിനെ സന്ധു വടി കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ടോടിയ സന്ദീപ് റോഡില്‍ വീണപ്പോള്‍ ഒരു കൂട്ടം നായകള്‍ ആക്രമിക്കുകയും ചെയ്തു. രക്തം വാര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ കിടന്ന സന്ദീപിന് ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ അവിടെ കിടന്ന് മരിക്കുകയും ചെയ്തു.

വൈകിട്ട് 4.30ഓടെ ഈ വഴി കടന്നുപോയ ഒരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ ഫാമുടമയെ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ താമസിക്കുന്ന ഫാമുടമ സന്ധു ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുകയാണ്. മരിച്ച സന്ദീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എന്നാൽ ഫാം ഹൗസിൽ പ്രവേശിച്ചത് എന്തിനാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Similar Posts