ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം തടയാനൊരുങ്ങി ഡൽഹി സർവ്വകലാശാല
|വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രദർശനം അനുവദിക്കില്ലെന്ന് ഡൽഹി സർവ്വകലാശാല. പ്രദർശനം തടയാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർഥി യൂണിയനുകള്‍ സംയുക്തമായി ആർട്സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം നടത്തുന്നത്. ഇതിന് മുൻപ് ജെ.എൻ.യുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും പൊലീസിനെ വിന്യസിച്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുകയും ചെയ്തിരുന്നു.ഇത്തരം സന്ദർഭങ്ങള്‍ മുന്നിൽ കണ്ട് മുൻകരുതലുകളും വിദ്യാർഥികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.
രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജെഎൻയുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.