ഡൽഹി സർവകലാശാല ഹൻസ്‍രാജ് കോളജിൽ നോൺ വെജ് ഭക്ഷണം നിർത്തലാക്കി; പ്രതിഷേധം ശക്തം
|വിദ്യാർഥികളുടെ കൈയിൽ നിന്നും മുട്ട പോലുള്ള വിഭവങ്ങൾ പിടിച്ചെടുത്തതയും പരാതിയുണ്ട്
ന്യൂഡല്‍ഹി: ഡൽഹി സർവകലാശാലയിലെ ഹൻസ്‍രാജ് കോളജിൽ നോൺവെജ് ഭക്ഷണം നിർത്തലാക്കി. 90 ശതമാനം വിദ്യാർഥികളും വെജിറ്റേറിയനാണ് കഴിക്കുന്നതെന്നാണ് നിര്‍ത്തലാക്കിയതിനെതിരായ വിശദീകരണം. തീരുമാനത്തിനെതിരെ വിദ്യാർത്ഥികള്‍ പ്രതിഷേധം തുടങ്ങി.
കോവിഡിന് ശേഷം ഹൻസ്‍രാജ് കോളജ് ഹോസ്റ്റൽ തുറന്നതിന് പിന്നാലെയാണ് നോൺ വെജ് ഭക്ഷണങ്ങൾ ഒഴിവാക്കാൻ കോളജ് തീരുമാനിച്ചത്. കോളജ് കാന്‍റീനില്‍ വർഷങ്ങളായി നോൺവെജ് ഭക്ഷണം ഇല്ല. എന്നാല്‍ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ അഭിപ്രായം തേടാതെയായിരുന്നു നടപടിയെന്നാണ് പരാതി. ഹോസ്റ്റലിലെ 75 ശതമാനം വിദ്യാർഥികളും നോൺ വെജ് ഭക്ഷണം കഴിക്കുന്നവരാണെന്ന് സർവേയിലെ കണക്ക് ചൂണ്ടിക്കാട്ടി വിദ്യാർഥി സംഘടനകൾ പറയുന്നു.
അധികൃതർ വിദ്യാർഥികളുടെ കൈയിൽ നിന്നും മുട്ട പോലുള്ള വിഭവങ്ങൾ പിടിച്ചെടുത്തതയും പരാതിയുണ്ട്. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഇന്ന് കോളജിൽ പ്രതിഷേധം സംഘടിപ്പിക്കും.