ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചതായി കോൺഗ്രസ്
|അസം മുഖ്യമന്ത്രിയാണ് അനുമതി നിഷേധിച്ചതെന്ന് ജയ്റാം രമേശ് ആരോപിച്ചു
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ചതായി കോൺഗ്രസ്. അസം മുഖ്യമന്ത്രിയാണ് അനുമതി നിഷേധിച്ചതെന്ന് ജയ്റാം രമേശ് ആരോപിച്ചു.
രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളുമായി സംസാരിക്കുവാനും അനുമതി നൽകുന്നില്ലെന്നും യാത്രയ്ക്ക് ലഭിച്ച പിന്തുണയിൽ അസം മുഖ്യമന്ത്രി അസ്വസ്ഥനാന്നെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽപ്രദേശിലെ ഒരു ദിവസത്തെ പര്യടനം കഴിഞ്ഞ് ഇന്ന് രാവിലെ മുതൽ അസമിൽ വീണ്ടും യാത്ര ആരംഭിക്കാൻ ഇരിക്കെയാണ് സർക്കാർ അനുമതി നിഷേധിച്ചത്. എന്നാൽ യാത്രയുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനം.
അസമിലെ ലഖിംപൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് ജനങ്ങൾ വൻ വരവേൽപ്പാണ് നൽകിയത്. ജനുവരി 25 വരെയാണ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയിലേക്ക് കടക്കും.