പുകമഞ്ഞിൽ വലഞ്ഞ് ഡൽഹിയും അയൽ സംസ്ഥാനങ്ങളും; അന്തരീക്ഷ വായു ഗുണനിലവാരം മോശം നിലയിൽ
|ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട്
ന്യൂഡൽഹി: ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും പുകമഞ്ഞ് രൂക്ഷമാകുന്നു. അന്തരീക്ഷ വായു ഗുണനിലവാരം മോശം നിലയിലേക്ക് താഴ്ന്നു. പുകമഞ്ഞ് റെയിൽ, റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഡൽഹിക്ക് പുറമെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, നോർത്ത് രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് പുകമഞ്ഞ് മൂടിയിരിക്കുന്നത്.
കനത്ത മൂടൽമഞ്ഞ് കാരണം പല നഗരങ്ങളിലും കാഴ്ച മറയുന്ന അവസ്ഥയുണ്ടായി. ഡൽഹിയിൽ രാവിലെ രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം 25 മീറ്റർ മാത്രമാണ് ദൂരക്കാഴ്ച. വാഹനങ്ങൾ കൂട്ടിയിടിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സഫ്ദർജംഗ് മേഖലയിൽ 50 മീറ്ററായിരുന്നു ദൃശ്യപരത. അമൃത്സർ, ഗംഗാനഗർ, പട്യാല, ലഖ്‌നൗ എന്നിവിടങ്ങളിൽ 25 മീറ്റർ ദൃശ്യപരതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
എന്നാൽ കനത്തമൂടൽമഞ്ഞുള്ള ഭട്ടിൻഡയിൽ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ഇന്നും നാളെയും പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനസർവീസുകളെ ഉൾപ്പടെ പുകമഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി എയർപോർട്ടിൽ ഫോഗ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എയർപോർട്ടിൽ ദൂരക്കാഴ്ച കുറവായതിനാല്‍ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, എല്ലാ വിമാനങ്ങളുടെ സഞ്ചാരവും പ്രവർത്തനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.