'100 വയസ്സുള്ള മുത്തശ്ശി 23 വയസ്സുള്ള ഞങ്ങളോട് എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ട': കോണ്‍ഗ്രസിനെതിരെ തൃണമൂല്‍
|ബംഗാളിലെ നാല് ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒബ്രിയാന്‍റെ പ്രതികരണം.
ബംഗാളിനപ്പുറം ബിജെപിയെ പരാജയപ്പെടുത്താം എന്നാണ് രാജ്യവ്യാപകമായി നടന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെ ലഭിച്ച വലിയ സന്ദേശമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍. ബംഗാളിലെ നാല് ലോക്സഭാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒബ്രിയാന്‍റെ പ്രതികരണം. 23 വയസ്സുള്ള തൃണമൂലിനോട് 100 വയസ്സുള്ള മുത്തശ്ശിയും മുത്തശ്ശനും എന്താണ് ചെയ്യേണ്ടതെന്ന് പറയുന്ന സമയം കഴിഞ്ഞെന്ന് കോണ്‍ഗ്രസിന്‍റെ പേരെടുത്ത് പറയാതെ ഒബ്രിയാന്‍ വിമര്‍ശിച്ചു.
"ബിജെപിയെ തോൽപ്പിക്കണം... നമ്മൾ പ്രതിപക്ഷത്ത് തുല്യ പങ്കാളികളാണ്. ഞങ്ങൾക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സാണ് പ്രായം. എന്നുകരുതി എന്താ ചെയ്യേണ്ടതെന്ന് 100 വയസ്സുള്ള മുത്തശ്ശിയോ മുത്തശ്ശനോ പറയേണ്ട . നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിടാൻ ഞങ്ങളുടെ പാര്‍ട്ടി തയ്യാറാണ്. ഞങ്ങൾ യുവാക്കളും ഊർജ്ജസ്വലരുമാണ്. ഞങ്ങൾ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു ഞങ്ങളെ ഇകഴ്ത്തി സംസാരിക്കുന്നതിനുപകരം നമുക്ക് ഒന്നിച്ചുനില്‍ക്കാം"- കോൺഗ്രസിന്റെ പേര് പരാമർശിക്കാതെ ഡെറക് ഒബ്രിയാൻ പറഞ്ഞു.
ഒക്ടോബര്‍ 30ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് കെട്ടിവെച്ച പണം നഷ്ടമായി. ബംഗാളിനപ്പുറം, ബിജെപിയെയും മോദിയെയും ഷായെയും തോൽപ്പിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്നും ഒബ്രിയാന്‍ പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാനല്ല നമ്മള്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത്. സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടലും നോക്കൂ. അത്തരം പ്രശ്നങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. പ്രതിപക്ഷഐക്യം മറ്റൊരു വിഷയമാണ്- ഒബ്രിയാന്‍ പറഞ്ഞു.
ഹിമാചൽ പ്രദേശില്‍ ബിജെപിയുടെ തിരിച്ചടിയും ഒബ്രിയാന്‍ പരാമര്‍ശിച്ചു. മൂന്ന് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. മഹാരാഷ്ട്രക്ക് പുറത്ത് ശിവസേന ആദ്യമായി ഒരു ലോക്സഭാ സീറ്റില്‍ വിജയിച്ചു. ഇക്കാര്യവും ഒബ്രിയാന്‍ ചൂണ്ടിക്കാട്ടി. ഈ മുന്നേറ്റം തുടരണമെന്നും ഒബ്രിയാന്‍ പറഞ്ഞു. അമിത് ഷാ ബംഗാളിലേക്ക് തിടുക്കത്തിൽ വരുന്നില്ലെന്നും ഒബ്രിയാന്‍ പരിഹസിച്ചു.
"ബിജെപിയിലെ എല്ലാവർക്കും ദീപാവലി ആശംസകൾ. അവർക്ക് സന്തോഷവും ശാന്തവുമായ ദീപാവലിയാകട്ടെ"- ഒബ്രിയാന്‍ പറഞ്ഞു.
ഏപ്രില്‍-മെയ് മാസങ്ങളില്‍ ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 77 സീറ്റാണ് നേടിയത്. തൃണമൂൽ കോൺഗ്രസ് 213 സീറ്റ് നേടി. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ തൃണമൂലിന്‍റെ സീറ്റുകളുടെ എണ്ണം 217 ആയി ഉയര്‍ന്നു. ബിജെപിയുടെ സീറ്റ് 75 ആയി കുറഞ്ഞു.