ജനാധിപത്യത്തെ കൊന്ന കത്തിയുമായി മോദിയും അമിത്ഷായും പാർലമെന്‍റിന് ചുറ്റും കറങ്ങുകയാണ് : ഡെറിക് ഒബ്രിയാന്‍
|രാജ്യസഭയില്‍ ചെയറിനു നേരെ റൂൾ ബുക്ക് എറിഞ്ഞതിന് തൃണമൂല്‍ എം.പിയായ ഒബ്രിയാനെ ഇന്നലെ സസ്പെന്‍റ് ചെയിതിരുന്നു
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട തൃണമൂൽ എംപി ഡെറിക് ഒബ്രിയാന്‍. സഭയില്‍ ചെയറിനു നേരെ റൂൾ ബുക്ക് എറിഞ്ഞതിനാണ് ഒബ്രിയാനെ സസ്പെന്‍റ് ചെയ്തത്. താന്‍ റൂള്‍ ബുക്ക് എറിഞ്ഞു എന്നതിന് എന്ത് തെളിവാണുള്ളത് എന്ന് ഒബ്രിയാന്‍ ചോദിച്ചു.
'ആരോ റൂൾ ബുക്ക് വലിച്ചെറിഞ്ഞതിന് പാർലമെന്‍റ് കത്തിയമരുകയാണ്. ജനാധിപത്യത്തെ കൊന്ന കത്തിയുമായി മോദിയും ഷായും പാർലമെന്റിന് ചുറ്റും കറങ്ങുന്നത് നിങ്ങള്‍ കാണുന്നില്ലേ. 12 എം.പിമാർ പാർലമെന്റിന് പുറത്താണ്. 700 കർഷകർ രാജ്യത്ത് കൊല്ലപ്പെട്ടു' ഇതൊക്കെ ആരാണ് ചെയ്തത്. ഒബ്രിയാന്‍ ചോദിച്ചു.
താൻ റൂൾ ബുക്ക് എറിഞ്ഞതിന് തെളിവൊന്നുമില്ലെന്നും തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ ഫൂട്ടേജുകൾ കാണിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എന്നെ ഒരു ദിവസത്തേക്കാണ് അവർ ആകെ സസ്‌പെന്റ് ചെയ്തത്. ഞാൻ ശരിക്കും റൂൾ ബുക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ എന്താണ് സംഭവിക്കുക. അദ്ദേഹം പറഞ്ഞു.
"ഏറ്റവുമൊടുവില്‍ ഞാൻ രാജ്യസഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടത് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇന്ന് പാർലമെന്‍റിനെ പരിഹസിച്ച് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഈ ബില്ലും ഉടൻ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു"- ഡെറിക് ഒബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. സസ്പെന്‍റ് ചെയ്യപ്പെട്ടതിനാല്‍ ഇനി ശീതകാല സമ്മേളനത്തിലെ ബാക്കി ദിവസങ്ങളില്‍ ഡെറിക് ഒബ്രിയാന് പങ്കെടുക്കാനാവില്ല.