സങ്കടം കേൾക്കാൻ അധികൃതരില്ല; കലക്ടറേറ്റിലെത്തി കരഞ്ഞുകൊണ്ട് തറയിൽ ഉരുണ്ട് കർഷകൻ
|തന്റെ ഭൂമി ചിലർ വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്നും പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഭോപ്പാൽ: തന്റെ സങ്കടം കേൾക്കാൻ അധികൃതർ ആരും തയാറാവുന്നില്ലെന്നും പരാതിയിൽ നടപടിയില്ലെന്നും ചൂണ്ടിക്കാട്ടി കലക്ടറേറ്റിന്റെ തറയിൽ കരഞ്ഞുകൊണ്ട് ഉരുണ്ട് കർഷകൻ. മധ്യപ്രദേശിലെ മന്ദ്സറിലെ കലക്ടറേറ്റിലാണ് സംഭവം.
സഖാത്‌ലി ഗ്രാമവാസിയായ ശാന്തിലാൽ പട്ടീദാർ എന്ന വൃദ്ധ കർഷകനാണ് പ്രതിഷേധിച്ചത്. തന്റെ ഭൂമി ചിലർ വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തതായും നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇദ്ദേഹം കരഞ്ഞ് സഹായമഭ്യർഥിച്ച് കലക്ടറേറ്റിന്റെ നിലത്ത് ഉരുണ്ടത്.
പരാതിയുമായി വിവിധ വകുപ്പുകളിൽ കയറിയിറങ്ങുന്ന ശാന്തിലാൽ ഏറെക്കാലമായി സമരത്തിലാണ്. താൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്നും ചിലർ വ്യാജരേഖകൾ ഉപയോഗിച്ച് തൻ്റെ ഭൂമി കൈക്കലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുഅദാലത്തിൽ യാതൊരു അനുകൂല പ്രതികരണവും ലഭിക്കാത്തതിൽ നിരാശനായതോടെയാണ് അദ്ദേഹം കലക്ടറുടെ ഓഫീസിലെത്തിയത്.
ശാന്തിലാൽ നിലത്ത് കിടന്ന് ഉരുണ്ട് പ്രതിഷേധിക്കുന്നതു കണ്ട പൊലീസുകാരും ഉദ്യോഗസ്ഥരുമെത്തി എഴുന്നേൽപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പരാതികൾ കേൾക്കുകയായിരുന്നു.