India
HD Deve Gowda and Kumaraswamy get gag order on 82 media houses in Prajwal Revanna sex-tape case, Prajwal Revanna sexual harassment case, Prajwal Revanna sex scandal

ദേവഗൗഡയും കുമാരസ്വാമിയും

India

'രേവണ്ണ ലൈംഗികാതിക്രമക്കേസിലേക്ക് ദേവഗൗഡയെയും കുമാരസ്വാമിയെയും വലിച്ചിഴയ്ക്കരുത്'; 82 മാധ്യമസ്ഥാപനങ്ങൾക്ക് വിലക്ക്

Web Desk
|
6 May 2024 1:41 PM GMT

കേസിലേക്കു തങ്ങളുടെ പേരുകൾ വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദേവഗൗഡയും കുമാരസ്വാമിയും ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചത്

ബെംഗളൂരു: രേവണ്ണ കുടുംബം ഉൾപ്പെട്ട സെക്‌സ് ടേപ്പ് കേസിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്കു വിലക്ക്. കേസുമായി ബന്ധപ്പെട്ട വാർത്തകളിൽ ജെ.ഡി.എസ് നേതാക്കളായ എച്ച്.ഡി ദേവഗൗഡയെയും എച്ച്.ഡി കുമാരസ്വാമിയെയും വലിച്ചിഴയ്ക്കരുതെന്നാണ് കോടതി നിർദേശം. ഇരുവരും നൽകിയ ഹരജിയിൽ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

കേസിലേക്കു തങ്ങളുടെ പേരുകൾ വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ദേവഗൗഡയും കുമാരസ്വാമിയും 34-ാമത് സിറ്റിൽ സിവിൽ കോടതിയെ സമീപിച്ചത്. ഒരു കാര്യവുമില്ലാതെ പൊതുജനമധ്യത്തിൽ തങ്ങളുടെ സൽപ്പേരും പ്രതിച്ഛായയും കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്ന് ഇവർ ആരോപിച്ചു. സമൂഹത്തിൽ ആഴത്തിൽ സ്വാധീനമുള്ള ഏറെ ആദരിക്കപ്പെടുന്ന കുടുംബത്തിൽനിന്നാണു തങ്ങൾ വരുന്നത്. വലിയ രാഷ്ട്രീയ പാരമ്പര്യവും തങ്ങൾക്ക് അവകാശപ്പെടാനുണ്ട്. 70 വർഷത്തോളമായി പൊജുജീവിതം നയിക്കുന്നവരുമാണ്.

82 മാധ്യമസ്ഥാപനങ്ങൾക്കാണ് കോടതി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രജ്വൽ രേവണ്ണ കേസിൽ കൃത്യമായ തെളിവുകളില്ലാതെ ദേവഗൗഡയെയും കുമാരസ്വാമിയെയും തെറ്റായി ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഇത്തരത്തിലൊരു ആരോപണവും നേരിടേണ്ടി വന്നിട്ടില്ലെന്നും ഇവർ ഹരജിയിൽ വാദിച്ചു.

ടെലിവിഷൻ-അച്ചടി മാധ്യമങ്ങൾക്കു പുറമെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയന്ത്രണമുണ്ട്. അതേസമയം, വസ്തുത തങ്ങൾക്കൊപ്പമാണെന്നും കൃത്യമായ തെളിവുകളുണ്ടെന്നും മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഉറപ്പുണ്ടെങ്കിൽ വാർത്തയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലൈംഗികാതിക്രമക്കേസിൽ ദേവഗൗഡയുടെ മകൻ എച്ച്.ഡി രേവണ്ണയെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം(എസ്.ഐ.ടി) അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനക്കേസിൽ ഇരകളെ തട്ടിക്കൊണ്ടുപോയ കേസിലാണു നടപടി. പിതാവ് ദേവഗൗഡയുടെ വീട്ടിൽനിന്നു പിടിയിലായ രേവണ്ണയെ മൂന്നു ദിവസത്ത എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് രേവണ്ണയുടെ ആദ്യ പ്രതികരണം. മൂന്നു നാലു വർഷം പഴക്കമുള്ള വിഡിയോ ആണ് ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്താനാകില്ല. കുടുംബത്തിനുനേരെയുള്ള ഗൂഢാലോചനയാണിത്. ഏപ്രിൽ 28ന് തന്നെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ നോക്കിയെങ്കിലും ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ഇതേതുടർന്നാണു പുതിയ തട്ടിപ്പ് കേസുമായി വന്ന് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും രേവണ്ണ ആരോപിച്ചു.

കേസിൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന മുഖ്യപ്രതി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കർണാടക പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. ജെ.ഡി.എസ് എം.പിയും ഹാസനിൽനിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയും കൂടിയായ പ്രജ്വലിനെ നാട്ടിലെത്തിക്കാനായി ഇന്റർപോളിന്റെ സഹായം തേടിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായാൽ ഇയാൾ നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുമെന്നും റിപ്പോർട്ട് വരുന്നുണ്ട്.

Summary: HD Deve Gowda and Kumaraswamy get gag order on 82 media houses in Prajwal Revanna sex-tape case

Similar Posts