മോദിക്കു കൈകൊടുത്ത് ദേവഗൗഡ; ബി.ജെ.പിയും ജെ.ഡി.എസും ഒന്നിച്ചുമത്സരിക്കുമെന്ന് റിപ്പോർട്ട്
|പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവൻ ദേവഗൗഡയും തമ്മിൽ കൂടിക്കാഴ്ച നടത്തിയാണ് സഖ്യത്തിനു ധാരണയായതെന്ന് ബി.ജെ.പി നേതാവ് യെദിയൂരപ്പ
ബംഗളൂരു: കർണാടകയിൽ ബി.ജെ.പിയുമായി കൈകോർത്ത് ജെ.ഡി.എസ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിടാനാണ് ഇരു പാർട്ടികളും തമ്മിൽ ധാരണയായിരിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 28 സീറ്റിൽ നാലിടത്ത് ജെ.ഡി.എസ് മത്സരിക്കുമെന്ന് യെദിയൂരപ്പ അറിയിച്ചു. ബി.ജെ.പിയും ജെ.ഡി.എസും തമ്മിൽ ധാരണയുണ്ടാകും. അവർക്ക് നാല് ലോക്സഭാ സീറ്റ് നൽകാമെന്ന് അമിത് ഷാ അംഗീകരിച്ചിട്ടുണ്ട്. ഇത് ഞങ്ങൾക്കു വലിയ കരുത്താകും. ഒന്നിച്ചുനിന്ന് 25-26 ലോക്സഭാ സീറ്റുകൾ നേടാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയും ജെ.ഡി.എസ് തലവൻ ദേവഗൗഡയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നുവെന്നും യെദിയൂരപ്പ വെളിപ്പെടുത്തി. ഇതിലാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു പോരാടാൻ തീരുമാനിച്ചത്. ജെ.ഡി.എസിനു നൽകുന്ന സീറ്റിനെച്ചൊല്ലിയും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ടെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് നേരത്തെ ജെ.ഡി.എസ് തലവൻ ദേവഗൗഡ അറിയിച്ചിരുന്നത്. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യനീക്കത്തെ കുറിച്ച് പാർട്ടി നേതാക്കളുടെയും എം.എൽ.എമാരുടെയും അഭിപ്രായം ആരായാനായി ബുധനാഴ്ച ജെ.ഡി.എസ് യോഗം ചേർന്നിരുന്നു. എച്ച്.ഡി കുമാരസ്വാമിയുടെ ബംഗളൂരുവിലെ വസതിയിലായിരുന്നു യോഗം. ദേവഗൗഡയും ഇതിൽ പങ്കെടുത്തിരുന്നു.
2019ൽ 25 സീറ്റുകളുമായാണ് ബി.ജെ.പി കർണാടക തൂത്തുവാരിയത്. ബി.ജെ.പി പിന്തുണ സ്വതന്ത്രൻ ഒരിടത്തും ജയിച്ചപ്പോൾ കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റാണു ലഭിച്ചത്.
Summary: Deve Gowda’s JDS joins hands with BJP for 2024 polls, to contest 4 seats