'ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യ റീൽസുണ്ടാക്കുന്ന തിരക്കിലാണ്'; വിമർശനവുമായി കനയ്യ കുമാർ
|'നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും'
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യക്കെതിരെ കോൺഗ്രസ് നേതാവ് കനയ്യ കുമാർ. ഫട്നാവിസിൻ്റെ ഭാര്യ ഇൻസ്റ്റഗ്രാം റീൽസ് ഉണ്ടാക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറങ്ങുന്നതെന്ന് കനയ്യ കുമാർ ചോദിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. അഹങ്കാരികളായ രാഷ്ട്രീയക്കാരെ അവരുടെ സ്ഥലത്ത് നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ഫട്നാവിസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കനയ്യയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ പ്രഫുല്ല ഗുദാധേയാണ് അദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർഥി. പേര് പറയാതെ പരോക്ഷമായായിരുന്നു കനയ്യ ഫട്നാവിസിൻ്റെ ഭാര്യ അമൃത ഫട്നാവിസിനെ ലക്ഷ്യം വെച്ചത്. ശാസ്ത്രീയ സംഗീതം വശമുള്ള അമൃത സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
'ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറാണോ. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുമ്പോൾ മതത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ട് ?'- അദ്ദേഹം ചോദിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കനയ്യ വിമർശനം ഉന്നയിച്ചു. 'മതം സംരക്ഷിക്കാൻ അമിത് ഷായുടെ മകൻ ജയ് ഷാ കൂടെയുണ്ടാകുമോ? ജയ് ഷാ ഐപിഎൽ ടീം രൂപീകരിക്കുകയാണ്. ഡ്രീം ഇലവനിൽ ടീം ഉണ്ടാക്കാനാണ് നമ്മളോട് പറയുന്നത്. അവർ, ക്രിക്കറ്റ് താരം ആകുന്ന സ്വപ്നം കാണാൻ പറയുന്നു. എന്നാൽ നമ്മൾ ചൂതാട്ടക്കാരായി മാറുകയാണ്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
കനയ്യയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. ഫട്നാവിസിൻ്റെ ഭാര്യക്കെതിരായ പരാമർശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു.