India
മെറിറ്റില്ല; ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ ക്ലീൻചിറ്റ് ശരിവയ്ക്കവെ സുപ്രിംകോടതി പറഞ്ഞത്
India

മെറിറ്റില്ല; ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ ക്ലീൻചിറ്റ് ശരിവയ്ക്കവെ സുപ്രിംകോടതി പറഞ്ഞത്

Web Desk
|
24 Jun 2022 8:58 AM GMT

വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയാണ് ക്ലീൻചിറ്റ് നൽകിയതിനെതിരെ കോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യാകേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവച്ച വിധിയിൽ സുപ്രിംകോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ഏതാനും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും പരാജയവും ക്രിമിനൽ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവല്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങുന്ന ബഞ്ചാണ് അപ്പീൽ ഹരജി പരിഗണിച്ചത്. വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയാണ് ക്ലീൻചിറ്റ് നൽകിയതിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്.

കോടതി നിരീക്ഷണങ്ങൾ

* വെല്ലുവിളിച്ച സാഹചര്യങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഉദ്യോഗസ്ഥർ അക്ഷീണമായ ജോലിയാണ് നിർവഹിച്ചത്. അതിൽ അവർ വലിയ വിജയം കൈവരിച്ച് സുരക്ഷിതത്വത്തോടെ പുറത്തുവന്നിരിക്കുന്നു.

സിബിഐ മുൻ ഡയറക്ടർ ആർ.കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് കേസ് അന്വേഷിച്ചത്. സുപ്രിംകോടതിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. 2008ലാണ് എസ്‌ഐടി രൂപവത്കരിക്കപ്പെട്ടത്.

* എസ്‌ഐടി സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഒന്നും ചെയ്യാതെ അതേപടി അംഗീകരിക്കുന്നു.

* നിഷ്‌ക്രിയമാകുക, ഭരണകൂടം പരാജയപ്പെടുക തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മാത്രം ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാനാകില്ല. ഏതാനും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും പരാജയവും ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് തെളിയിക്കുന്നതല്ല.

* മജിസ്‌ട്രേറ്റ് കോടതി, ഹൈക്കോടതി വിധികൾക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീൽ മെറിറ്റില്ലാത്തതാണ്. അതുകൊണ്ടു തന്നെ പ്രസ്തുത കാര്യങ്ങൾ കൊണ്ട് തള്ളുന്നു.



പരാതിക്കാരുടെ വാദം

വംശഹത്യാ കേസിൽ വലിയ തോതിലുള്ള ഗൂഢാലോചന നടന്നു, അത് അന്വേഷിച്ചില്ല എന്നാണ് പരാതിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. അന്വേഷണത്തിലെ കാര്യക്ഷമതയാണ് സിബൽ ചോദ്യം ചെയ്തത്. കലാപം നടക്കുന്ന വേളയിൽ അഹമ്മദാബാദ് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ അശോക് ഭട്ട്, സഫാദിയ എന്നീ മന്ത്രിമാർ ഉണ്ടായിരുന്നതായും കേസിലെ പബ്ലിക് പ്രോസിക്യൂട്ടർമാരായി വിഎച്ച്പി ബന്ധമുള്ളവരെ നിയമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ചില കാര്യങ്ങൾ ഒളിക്കുന്ന രീതിയിലായിരുന്നു എസ്‌ഐടിയുടെ അന്വേഷണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നിയമത്തിന് ആഴത്തിൽ മുറിവേൽപ്പിച്ച കേസ്' എന്നാണ് സിബൽ വാദത്തിനിടെ പറഞ്ഞിരുന്നത്.

എസ്‌ഐടി വാദങ്ങൾ

പ്രത്യേക അന്വേഷണ സംഘം മികച്ച രീതിയിൽ അന്വേഷണം നടത്തി എന്നാണ് എസ്‌ഐടിക്കു വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ റോഹത്ഗി വാദിച്ചത്. ഡ്യൂട്ടി ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ കൃത്യവിലോപം കാണിച്ചു എന്നതാണ് സാകിയയുടെ ആരോപണമെന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം വാദിച്ചു. സാകിയ അല്ല, കേസിലെ രണ്ടാം കക്ഷിയായ ടീസ്റ്റ സെറ്റൽവാദാണ് പരാതിക്കു പിന്നിൽ. കേസിൽ പുതിയ അന്വേഷണം പ്രഖ്യാപിക്കുകയാണ് എങ്കിൽ ഇത് കുറ്റാരോപിതന്റെ ഭരണഘടനാ അവകാശത്തിന്മേലുള്ള കടന്നു കയറ്റമായിരിക്കും. കുറ്റാരോപിതൻ നേരത്തെ കേസിൽ കുറ്റവിചാരണ നേരിടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതാണ്- റോഹ്ത്ഗി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് വംശഹത്യ

2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എസ്പ്രസിന് നേരെയുണ്ടായ തീവെപ്പിനു ശേഷമാണ് സംസ്ഥാനത്ത് വംശഹത്യ അരങ്ങേറിയത്. തീപിടിത്തത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദ് ഗുൽബർഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ഇഹ്‌സാൻ ജഫ്രി അടക്കം 69 പേർ കൊല്ലപ്പെട്ടത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ടവർ.

സംഘർഷമുണ്ടായ വേളയിൽ ജഫ്രി പൊലീസിനെ നിരവധി തവണ ടെലിഫോണിൽ വിളിച്ചെങ്കിലും അധികൃതർ എത്തിയില്ലെന്ന ആരോപണമുണ്ട്. കലാപകാരികളുടെ തീവെപ്പിൽ ജഫ്രി വെന്തുമരിക്കുകയായിരുന്നു. കേസിൽ 2012 ഏപ്രിലിലാണ് എസ്‌ഐടി മോദിയെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ സാകിയ ജഫ്രി അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയ സമീപിച്ചെങ്കിലും ഹരജി 2013 ഡിസംബറിൽ തള്ളി. ഇതിനെതിരെ ഇവർ ഗുജറാത്ത് ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ ഹരജി നൽകി. 2014 മാർച്ച് 15ന് ഹൈക്കോടതിയും ഹരജി തള്ളി. ഇതിനെതിരെയാണ് സാകിയ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി സുപ്രിംകോടതിയും തള്ളിയതോടെ കേസ് അടഞ്ഞ അധ്യായമാകുമെന്ന് ഉറപ്പായി.

Similar Posts