യമുനയില്‍ നുരഞ്ഞുപൊന്തി വിഷപ്പത; ഛാത്ത് പൂജയില്‍ നദിയില്‍ മുങ്ങിക്കുളിച്ച് വിശ്വാസികള്‍
|തിങ്കളാഴ്ച രാവിലെ മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്
ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം അതിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. നുരഞ്ഞുപൊന്തുന്ന വിഷപ്പതയുമായാണ് യമുനനദി ഒഴുകിക്കൊണ്ടിരിക്കുന്നത്. കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് വിഷപ്പത പൊങ്ങിയിരിക്കുന്നത്. ഛാത്ത് പൂജയുടെ ഭാഗമായി വിഷമയമായ നദിയില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വെള്ള നിറത്തില്‍ വലിയ പാളികളായി വിഷപ്പത യമുനയില്‍ പതഞ്ഞുപൊങ്ങുകയാണ്. ഛാത്ത് പൂജയില്‍ യമുനയില്‍ മുങ്ങിനിവരുക എന്ന ചടങ്ങ് പ്രധാനമാണെന്നും അതുകൊണ്ടാണ് ഈ മലിനമായ വെള്ളത്തില്‍ മുങ്ങിയതെന്നും ഒരു ഭക്തന് പറഞ്ഞു. അത് നമുക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതുമൂലം രോഗങ്ങളും ഉണ്ടാകാം. പക്ഷേ ഞങ്ങള്‍ നിസ്സഹായരാണ്...ഭക്തന് പറയുന്നു. ഡിറ്റർജന്റുകള്‍ ഉൾപ്പെടെയുള്ള വ്യാവസായിക മാലിന്യങ്ങൾ നദിയിലേക്ക് പുറന്തള്ളുന്നതിനെ തുടർന്നുള്ള ഉയർന്ന ഫോസ്ഫേറ്റിന്റെ അംശമാണ് വിഷലിപ്തമായ നുരയ്ക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.നദിയിലെ അമോണിയയുടെ അളവും വർധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ വലിയ ആഘോഷങ്ങളിലൊന്നാണ് ഛാത്ത് പൂജ. സൂര്യദേവന് വേണ്ടിയുള്ളതാണ് ഈ പൂജ. ബിഹാർ, ഝാര്‍ഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശിലെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളാണ് പ്രധാനമായും ഛാത്ത് പൂജ ആഘോഷിക്കാറുള്ളത്. നാല് ദിവസത്തെ ആഘോഷങ്ങളിൽ ഭക്തർ ഒത്തുകൂടി നദികളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും പുണ്യസ്നാനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷവും യമുനയില്‍ സമാനരീതിയില്‍ വിഷപ്പത ഉണ്ടായിരുന്നു. ഫാക്ടറികളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യമായിരുന്നു ഇതിനും കാരണമായത്.