വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ
|വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെയായിരുന്നു 80കാരൻ കുഴഞ്ഞുവീണ് മരിച്ചത്.
ഡൽഹി: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ എയർ ഇന്ത്യക്കെതിരെ 30 ലക്ഷം രൂപപിഴ ചുമത്തി. യാത്രക്കാരന് വീൽചെയർ നൽകാതിരുന്നതിനാണ് ഡി.ജി.സി.ഐ പിഴ ചുമത്തിയത്.
മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലാണ് 80കാരൻ കുഴഞ്ഞുവീണ് മരിച്ചത്. വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെയാണ് മരണം. ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇരുവരും വീൽചെയറിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഭാര്യക്ക് മാത്രമാണ് വീൽചെയർ നൽകിയത്. തുടർന്ന് ഭാര്യയെ വീൽചെയറിലിരുത്തി ഭർത്താവ് ടെർമിനലിലേക്ക് നടന്നുപോകവെ കുഴഞ്ഞുവീഴുകയായിരുന്നു.
വീൽചെയറിന് അന്ന് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. അതുകൊണ്ട് യാത്രക്കാരനോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നായിരുന്നു എയർ ഇന്ത്യ നൽകിയ വിശദീകരണം.