ധരം സൻസദിലെ വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദിന് ജാമ്യം
|ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയായ നരസിംഹാനന്ദിനെ ജനുവരി 15 നാണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ധരം സൻസദിലെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യതി നരസിംഹാനന്ദിന് ജാമ്യം. പുറത്തിറങ്ങിയതിന് പിന്നാലെ സമാനമായ കേസിൽ അറസ്റ്റിലായ വസീം റിസ്‌വി (ജിതേന്ദ്ര നാരായൺ ത്യാഗി)യുടെ മോചനം ആവശ്യപ്പെട്ട് സർവാനന്ദ് ഘട്ടിൽ അദ്ദേഹം പ്രതിഷേധ സമരം ആരംഭിച്ചു.
ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയായ നരസിംഹാനന്ദിനെ ജനുവരി 15 നാണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. വസീം റിസ്‌വിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സർവാനന്ദ് ഘട്ടിൽ നിരാഹാര സമരം നടത്തുന്നതിനിടെയാണ് അദ്ദേഹം അറസ്റ്റിലായത്.
ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സൻസദിൽ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് അപമാനകരമായ പരാമർശങ്ങൾ നടത്തിയതിനാണ് നരസിംഹാനന്ദ് അറസ്റ്റിലായത്. മുസ്‌ലിംകളുടെ ഭീഷണിയെ ചെറുക്കാൻ ഹിന്ദുക്കൾ ആയുധമണിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ധരം സൻസദിൽ നടന്ന പ്രസംഗങ്ങളിൽ ഭൂരിഭാഗവും മുസ്‌ലിംകൾക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനായിരുന്നു നരസിംഹാനന്ദ്. പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരിപാടിക്കെതിരെ പ്രതിഷേധമുയർന്നത്. കനത്ത പ്രതിഷേധത്തെ തുടർന്നാണ് പൊലീസ് നിയമനടപടി ആരംഭിച്ചത്.