India
AAP Rajya Sabha MP Swati Maliwal and YouTuber Dhruv Rathee
India

'നിശ്ശബ്ദനാക്കാന്‍ നോക്കണ്ട,എന്നെപ്പോലെ 1000 പേര്‍ ഉയര്‍ന്നുവരും'; സ്വാതി മലിവാളിന് മറുപടിയുമായി ധ്രുവ് റാഠി

Web Desk
|
28 May 2024 8:10 AM GMT

ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടിയെന്നായിരുന്നു സ്വാതിയുടെ ആരോപണം

ഡല്‍ഹി: തനിക്കെതിരെ ആം ആദ്മി രാജ്യസഭ എം.പി സ്വാതി മലിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുട്യൂബര്‍ ധ്രുവ് റാഠി. കുറ്റവാളികള്‍ ഇരകളായി നടിക്കുകയാണെന്ന് ധ്രുവ് എക്സില്‍ കുറിച്ചു. ധ്രുവ് റാഠിയുടെ വീഡിയോ പുറത്തുവന്നതിന് ശേഷം തനിക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും കൂടിയെന്നായിരുന്നു സ്വാതിയുടെ ആരോപണം.

“എനിക്കെതിരായ വ്യാജ ആരോപണങ്ങൾ, ദിവസേനയുള്ള വധഭീഷണി, മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ, എന്നെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങൾ.. എനിക്കിതൊരു പുതിയ കാര്യമല്ല. കുറ്റവാളികൾ ഇരകളായി നടിക്കുന്നു എന്നതാണ് വിരോധാഭാസം.ഇതിനെല്ലാം പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. അവർ എന്നെ നിശബ്ദനാക്കാൻ ആഗ്രഹിക്കുന്നു. എന്നാല്‍ അത് സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ ഒരു ധ്രുവ് റാഠിയെ നിശ്ശബ്ദനാക്കിയാലും ആയിരം പേര്‍ ഉയര്‍ന്നുവരും'' സ്വാതിയുടെ പേര് പരാമര്‍ശിക്കാതെ ധ്രുവ് എക്സില്‍ കുറിച്ചു.

ഞായറാഴ്ചയാണ് സ്വാതി മലിവാള്‍ യുട്യൂബര്‍ക്കെതിരെ രംഗത്തെത്തിയത്. ‘‘എന്‍റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാമ്പയിനെ തുടര്‍ന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരെ ഏകപക്ഷീയമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ആംആദ്മി പാർട്ടിയുടെ വക്താവിനെപ്പോലെ പ്രവർത്തിക്കുന്നതും എനിക്കെതിരെ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്.’’ എന്നാണ് സ്വാതി എക്സിലൂടെ ആരോപിച്ചത്.

വീഡിയോ കണ്ടതിനെത്തുടർന്ന് തന്‍റെ ഭാഗം വിശദീകരിക്കാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകിയില്ലെന്നും സ്വാതി പറഞ്ഞിരുന്നു. ഏകപക്ഷീയമാണ് ധ്രുവ് റാഠിയുടെ വിഡിയോ. സംഭവം നടന്നുവെന്ന് അംഗീകരിച്ചശേഷം ആംആദ്മി പാർട്ടി എന്തുകൊണ്ടാണ് യുടേൺ എടുത്തത്? ആക്രമണത്തെ തുടർന്നാണ് എനിക്ക് പരിക്കുകളുണ്ടായതെന്നാണ് എംഎൽസി റിപ്പോർട്ട്. വിഡിയോയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം പുറത്തുവിട്ട് പിന്നീട് പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്. അവിടേക്ക് വീണ്ടും എങ്ങനെ ബൈഭവിന് പ്രവേശനം ലഭിച്ചു? എപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊണ്ട, മണിപ്പുരിൽപ്പോലും സുരക്ഷയില്ലാതെ തനിച്ചുപോയ സ്ത്രീയെ എങ്ങനെയാണ് ബി.ജെ.പിക്ക് വിലയ്ക്കെടുക്കാനായത് തുടങ്ങിയ കാര്യങ്ങൾ ധ്രുവ് റാഠിയുടെ വീഡിയോയിൽ പരാമർശിക്കുന്നേയില്ലെന്നും സ്വാതി ചോദിച്ചിരുന്നു.

സ്വാതിയെ ആക്രമിച്ച കേസില്‍ ബൈഭവിന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മാലിവാളിന്‍റെ പരാതി. ബൈഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‍രിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പൊലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

Similar Posts