ന്യൂഡിൽസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കോടികളുടെ വജ്രം; മുംബൈ വിമാനത്താവളത്തിൽ യാത്രികൻ അറസ്റ്റിൽ
|ആകെ 6.46 കോടി വിലമതിക്കുന്ന വജ്രവും സ്വർണവുമാണ് പിടിച്ചെടുത്തത്.
മുംബൈ: വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയത് ന്യൂഡിൽസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കോടികൾ വിലമതിക്കുന്ന വജ്രം. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. കൂടാതെ ശരീരഭാഗങ്ങളിലും ബാഗിലും ഒളിപ്പിച്ച നിലയിൽ സ്വർണവും കണ്ടെത്തി. സംഭവത്തിൽ വിദേശിയടക്കം നാല് യാത്രക്കാർ അറസ്റ്റിലായി. ആകെ 6.46 കോടി വിലമതിക്കുന്ന വജ്രവും സ്വർണവുമാണ് പിടിച്ചെടുത്തത്.
6.8 കിലോ തൂക്കം വരുന്ന സ്വർണത്തിന് 4.44 കോടി വില വരും. 2.2 കോടി വിലമതിക്കുന്ന വജ്രമാണ് ന്യൂഡിൽസിൽ നിന്നും ലഭിച്ചത്. മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ഒരു ഇന്ത്യൻ പൗരനെ പിടികൂടിയപ്പോഴാണ് ട്രോളി ബാഗിനുള്ളിൽ നൂഡിൽസ് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ വജ്രങ്ങൾ കണ്ടെത്തിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ഒരു വിദേശ പൗരനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 321 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടികളും കണ്ടെത്തി.
കൂടാതെ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽ യാത്ര ചെയ്ത രണ്ട് പേരെ വീതവും ബഹ്റൈൻ, ദോഹ, റിയാദ്, മസ്കത്ത്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്ത ഒരാളെ വീതവും തടഞ്ഞുവച്ച് പരിശോധന നടത്തുകയും ഇവരിൽ നിന്ന് സ്വർണം കണ്ടെത്തുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു- അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.