ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ?; സർക്കാരിനെതിരെ പ്രതിപക്ഷം
|പെട്ടെന്ന് എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് കാർത്തി ചിദംബരം ചോദിച്ചു.
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളെ ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. മൻസൂഖ് മാണ്ഡവ്യക്ക് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു. മൻസൂഖ് മാണ്ഡവ്യയെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
പെട്ടെന്ന് എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതെന്ന് കാർത്തി ചിദംബരം ചോദിച്ചു. രാജ്യത്ത് മറ്റു പരിപാടികൾക്കൊന്നും കോവിഡ് മാനദഗണ്ഡം ബാധകമല്ലേ എന്നും അദ്ദേഹം ചോദിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ പാലിക്കാനാവില്ലെങ്കിൽ യാത്ര നിർത്തിവെക്കേണ്ടിവരുമെന്ന് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ മാണ്ഡവ്യ പറഞ്ഞു. രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനുമാണ് കേന്ദ്രമന്ത്രി കത്തയച്ചത്.