റിപ്പബ്ലിക് പരേഡിലേക്ക് ആർഎസ്എസിനെ നെഹ്റു ക്ഷണിച്ചോ? തെളിവില്ല, വാദം മാത്രം
|നെഹ്റുവിന്റെ ആത്മകഥയിൽ പോലും ഇക്കാര്യം പരാമർശിച്ചിട്ടില്ലെന്ന് വീരപ്പ മൊയ്ലി
ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക്പോര് രൂക്ഷമായിരിക്കെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായുള്ള ഗവർണറുടെ കൂടിക്കാഴ്ച മറ്റൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. 1963ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ക്ഷണിച്ചെന്ന ഗവർണറുടെ പരാമർശമാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ആർഎസ്എസിന്റെ സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങളിൽ മതിപ്പ് തോന്നിയ നെഹ്റു റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ ആർഎസ്എസിനെ ക്ഷണിച്ചുവെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശം. എന്നാൽ, ഇത് സംബന്ധിച്ച് തെളിവുകളൊന്നുമില്ലെന്നും ആർഎസ്എസിന്റെ അവകാശവാദം മാത്രമാണിതെന്നും ആയിരുന്നു ഇന്ത്യ ടുഡേ മാഗസിൻ 2018-ൽ സമർപ്പിച്ച ഒരു വിവരാവകാശരേഖക്ക് മറുപടിയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.
എന്നാൽ, തെളിവുകൾ നശിപ്പിക്കപ്പെട്ടതാകാമെന്നാണ് മുതിർന്ന ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിന്റെ വാദം. 'ആർഎസ്എസ് പരേഡിൽ പങ്കെടുത്തത് ഹിന്ദുസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. സന്നദ്ധപ്രവർത്തകരുടെ ചിത്രമടക്കമാണ് പത്രം പ്രസിദ്ധീകരിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രേഖകൾ പോലും ഇപ്പോൾ ലഭ്യമല്ല. അതിനാൽ തന്നെ ഈ തെളിവുകളും നശിപ്പിക്കപ്പെട്ടതാകാം'; നന്ദകുമാർ പറഞ്ഞു.
ഗവർണറും മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല. ഗവർണർക്ക് ആരെ വേണമെങ്കിലും കാണാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണറുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ സാമുദായികമായി ധ്രുവീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ആർഎസ്എസ് ആണെന്ന് ചൂണ്ടിക്കാട്ടിയ മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി റിപ്പബ്ലിക് പരേഡ് സംബന്ധിച്ച വാദങ്ങൾ വിശ്വസിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. നെഹ്റുവിന്റെ ആത്മകഥയിൽ പോലും ഇക്കാര്യം പരാമർശിച്ചിട്ടില്ലെന്ന് വീരപ്പ മൊയ്ലി കൂട്ടിച്ചേർത്തു.
സംഘപരിവാറിൻ്റെ നുണബോംബ് ഫാക്ടറികൾ പടച്ചുണ്ടാക്കുന്ന കഥകൾ പ്രചരിപ്പിക്കുന്നത് ഗവർണർ പദവിക്ക് ഭൂഷണമല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിമർശനം. ഉയർന്ന പദവിയിലിരുന്ന് വസ്തുതാ വിരുദ്ധത പ്രചരിപ്പിച്ച ഗവർണർ ആ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.