India
ഏത് പാണ്ഡവനാണ് സഹോദരിയെ പരസ്യമായി ചുംബിച്ചത്? അത് നമ്മുടെ സംസ്‌കാരമല്ല; രാഹുൽ ഗാന്ധിയോട് യു.പി മന്ത്രി
India

ഏത് പാണ്ഡവനാണ് സഹോദരിയെ പരസ്യമായി ചുംബിച്ചത്? അത് നമ്മുടെ സംസ്‌കാരമല്ല; രാഹുൽ ഗാന്ധിയോട് യു.പി മന്ത്രി

Web Desk
|
11 Jan 2023 2:08 AM GMT

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ട പ്രതാപ് സിങ് 2024ൽ സോണിയയെ പരാജയപ്പെടുത്തുമെന്ന് അവകാശപ്പെട്ടു.

ലഖ്‌നോ: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയെ ഉമ്മവെച്ചതിനെതിരെ ബി.ജെ.പി നേതാവും യു.പി മന്ത്രിയുമായ ദിനേശ് പ്രതാപ് സിങ്. ഏത് പാണ്ഡവനാണ് 50-ാം വയസിൽ സഹോദരിയെ പൊതുവേദിയിൽ ഉമ്മ വെച്ചതെന്ന് പ്രതാപ് സിങ് ചോദിച്ചു. ആർ.എസ്.എസ് 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിങ്.

അവിവാഹിതനായി തുടരുമെന്ന് പ്രതിജ്ഞയെടുത്തവനും അത്യാഗ്രഹമില്ലാതെ രാഷ്ട്രനിർമാണത്തിനായി സ്വയം സമർപ്പിച്ചവനുമാണ് ഒരു സംഘപ്രചാരക്. രാഹുൽ ഗാന്ധി ആർ.എസ്.എസിനെ കൗരവർ എന്ന് വിളിക്കുമ്പോൾ അത് അർഥമാക്കുന്നത് അദ്ദേഹം പാണ്ഡവനാണെന്നാണ്. ഏത് പാണ്ഡവനാണ് രാഹുൽ ഗാന്ധി ചെയ്തതുപോലെ 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സഹോദരിയെ പരസ്യമായി ചുംബിച്ചത്? അത് ഇന്ത്യൻ സംസ്‌കാരമല്ല, ഇന്ത്യൻ സംസ്‌കാരം അതിനൊന്നും അനുമതി നൽകുന്നില്ല-എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സിങ് പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധിയോട് പരാജയപ്പെട്ട പ്രതാപ് സിങ് 2024ൽ സോണിയയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു. റായ്ബറേലിയിൽനിന്ന് പുറത്താക്കപ്പെടുന്ന അവസാന വിദേശിയായിരിക്കും സോണിയയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

''റായ്ബറേലിയിൽ എത്തുമ്പോൾ ശാരീരികമായി സുഖമില്ലെന്നാണ് സോണിയ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ പ്രമോട്ട് ചെയ്യുന്നതിനായി അദ്ദേഹത്തിനൊപ്പം ഭാരത് ജോഡോ യാത്രയിൽ നടക്കുന്നതിന് അവർക്ക് കുഴപ്പമൊന്നുമില്ല. 2024ൽ അവർ എം.പിയാകില്ല, റായ്ബറേലിയിൽനിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കും അവർ''-പ്രതാപ് സിങ് പറഞ്ഞു.

താനൊരു വിദേശിയല്ലെന്ന് സോണിയാ ഗാന്ധിക്ക് പറയാൻ പറ്റുമോ? സോണിയ ഒരു വിദേശിയല്ലെന്ന് കോൺഗ്രസിൽ ആർക്കെങ്കിലും പറയാൻ പറ്റുമോ? ഒരു വിദേശിയായതിനാൽ അവർക്ക് പ്രധാനമന്ത്രി പദം പോലും നിഷേധിക്കപ്പെട്ടു. നമ്മൾ എറെ ബുദ്ധിമുട്ടിയാണ് ബ്രിട്ടീഷുകാരെ പുറത്താക്കി സ്വാതന്ത്ര്യം നേടിയത്. ഇന്ത്യക്കാർ ഒരിക്കലും ഒരു വിദേശിയെ ഭരണാധികാരിയായി അംഗീകരിക്കില്ല-പ്രതാപ് സിങ് പറഞ്ഞു.

Similar Posts