India
ഒടുവിൽ റിസ്‌വിയെ ബലിയാടാക്കി? പച്ചക്ക് കൊലവിളി നടത്തിയവർക്കെതിരെ കേസില്ല
India

ഒടുവിൽ റിസ്‌വിയെ ബലിയാടാക്കി? പച്ചക്ക് കൊലവിളി നടത്തിയവർക്കെതിരെ കേസില്ല

Web Desk
|
24 Dec 2021 12:07 PM GMT

തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് അടുത്തി ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായാൺ ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്‌വിക്കെതിരെ മാത്രം പൊലീസ് കേസെടുത്തത്

ഹരിദ്വാറിലെ ഹിന്ദുത്വ സമ്മേളനത്തിൽ മുസ്‍ലിംകൾക്കെതിരെ കൊലവിളിയും കലാപാഹ്വാനവും നടത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധത്തിനൊടുവിൽ ഇന്നാണ് പൊലീസ് കേസെടുക്കാൻ തയാറായത്. എന്നാൽ, പച്ചയ്ക്ക് വർഗീയത പ്രസംഗിക്കുകയും കലാപാഹ്വാനം നടത്തുകയും ചെയ്തവർക്കെതിരെ ഇനിയും കേസെടുക്കാൻ ഉത്തരാഖണ്ഡ് പൊലീസ് തയാറായിട്ടില്ല. പകരം, ചിത്രത്തിലൊന്നും ഇല്ലാതിരുന്ന ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വിയെ മാത്രം പ്രതിയാക്കിയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വ്യാപക പ്രതിഷേധമുയർന്നത്. എന്നാൽ, പരിപാടി കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. പരിപാടിക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ഹരിദ്വാർ പൊലീസ് സൂപ്രണ്ട് സ്വതന്ത്രകുമാർ പറഞ്ഞിരുന്നത്.

ഒടുവിൽ, തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് അടുത്തി ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായാൺ ത്യാഗി എന്ന പേര് സ്വീകരിച്ച വസീം റിസ്‌വിക്കെതിരെ മാത്രം പൊലീസ് കേസെടുത്തത്. കേസ് അന്വേഷിച്ചുവരികയാണെന്നും കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നുമാണ് മുതിർന്ന പൊലീസ് മേധാവി യോഗേന്ദ്ര സിങ് റാവത്ത് പ്രതികരിച്ചത്.

എന്നാൽ, ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി തുടങ്ങിയവരെല്ലാം മുസ്‍ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്ത പ്രസംഗങ്ങളുടെ ഭാഗങ്ങൾ പുറത്തായിരുന്നു. എന്നാൽ, എഫ്‌ഐആറിൽ ഇവർക്കെതിരെയൊന്നും പരാമർശം പോലുമില്ല. പകരം, ചിത്രത്തിലേ ഇല്ലാതിരുന്ന റിസ്‌വിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് വിമർശനമുയരുകയാണ്. പച്ചക്ക് വർഗീയത പറഞ്ഞവർക്കെതിരെ കേസെടുക്കാതെ മുൻപ് മുസ്‍ലിമായിരുന്നയാളെ ബലിയാടാക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകയായ സബാ നഖ്‌വി പ്രതികരിച്ചത്.

നിയമനടപടിയെ ഭയക്കുന്നില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും പ്രബോധാനന്ദ് ഗിരി ഇന്നലെ വ്യക്തമാക്കിയിരുന്നു. ''പറഞ്ഞ കാര്യങ്ങളിൽ എനിക്കൊരു ലജ്ജയുമില്ല. ഞാൻ പൊലീസിനെ ഭയപ്പെടുന്നില്ല. ഞാൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്''-ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ് ഗിരി.

മുസ്‍ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്. ''മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും ഒപ്പം മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല''-അദ്ദേഹം പറഞ്ഞു.

Similar Posts