ജെഡിയു സ്ഥാനാർഥികളെ കാലുവാരി; മുഖ്യമന്ത്രിയായത് ബിജെപി നേതാക്കളുടെ നിർബന്ധം മൂലം: നിതീഷ് കുമാർ
|ഹരിയാനയിൽ ഓം പ്രകാശ് ചൗത്താല സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിൽ ശരദ് പവാർ, തേജസ്വി യാദവ്, സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ നിരവധി നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
പട്‌ന: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജമാണ് ബിജെപിയെ കാത്തിരിക്കുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ ഓം പ്രകാശ് ചൗത്താല സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥികളെ തോൽപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. സർക്കാറിനെ നയിക്കാൻ ബിജെപി നേതാക്കൾ നിർബന്ധിച്ചതുകൊണ്ടാണ് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അവരെ ഒരുമിപ്പിക്കണമെന്ന് അദ്ദേഹം ഓം പ്രകാശ് ചൗത്താലയോട് ആവശ്യപ്പെട്ടു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടും. ബിജെപിക്കെതിരെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ കോൺഗ്രസിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ യാതൊരു സംഘർഷവുമില്ല, ചില ആളുകൾ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി അധ്യക്ഷൻ ശരത് പവാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ നിരവധി നേതാക്കൾ റാലിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്നതിന് കേരളം മാതൃകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ല, ഇത് രാജ്യത്തിന് മാതൃകയാണെന്ന് യെച്ചൂരി പറഞ്ഞു.