മൂന്നര വയസുകാരിയെ 'ഡിജിറ്റൽ റേപ്പിന്' ഇരയാക്കിയ 75കാരന് ജീവപര്യന്തം
|നിർഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയിലാണ് 'ഡിജിറ്റൽ റേപ്പ് ' ബലാത്സംഗത്തിന്റെ പരിധിയിലാക്കിയത്
ലഖ്‌നൗ: മൂന്നര വയസുകാരിയെ ഡിജിറ്റൽ റേപ്പിന് ഇരയാക്കിയ 75 കാരന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. മകളെ ഡിജിറ്റൽ റേപ്പിന് ഇരയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ അമ്പതിനായിരം രൂപയും പിഴയുമുണ്ട്. ഈ പിഴത്തുകയുടെ 80 ശതമാനം അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ അക്ബർ അലിയെയാണ് സുരാജ്പൂർ ജില്ലാ കോടതി ശിക്ഷിച്ചത്.
2019 ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. സലാർപൂർ ഗ്രാമവാസികളാണ് ഇരയും കുടുംബവും വീടിന് പുറത്തു കളിക്കുകയായിരുന്ന മകളെ മിഠായി നൽകാമെന്നു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയ അക്ബർ ഡിജിറ്റൽ റേപ്പിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ മകളെ നോയിഡയിലേക്കാണ് കല്യാണം കഴിച്ചയച്ചത്. ഈ മകളെ കാണാനെത്തിയപ്പോഴാണ് അയൽവാസിയായ മൂന്നുവയസുകാരിയെ ക്രൂരതക്കിരയാക്കിയത്.ബലാത്സംഗം,പോക്‌സോ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കരഞ്ഞുകൊണ്ട് വീട്ടിൽ തിരിച്ചെത്തിയ മകൾ അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇടക്കാല ജാമ്യം നിഷേധിക്കപ്പെട്ട പ്രതി ജില്ലാ ജയിലിലാണിപ്പോള്‍. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് അക്ബര്‍ അലിയുടെ കുടുംബം ആരോപിച്ചു.
എന്താണ് ഡിജിറ്റൽ റേപ്പ്
സമ്മതമില്ലാതെ ഒരാളുടെ കൈവിരലുകളോ കാൽവിരലുകളോ കടത്തുന്നതിനെയാണ് ഡിജിറ്റൽ റേപ്പ് എന്ന് പറയുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ഇതിന് ഡിജിറ്റലായോ വെർച്വലായോ ചെയ്യുന്ന കുറ്റകൃത്യമല്ല ഇത്. ഡിജിറ്റ് എന്ന വാക്കിന് ഇംഗ്ലീഷിൽ വിരൽ എന്ന അർഥമുള്ളതിനാലാണ് ഡിജിറ്റൽ റേപ്പ് എന്ന രീതിയിൽ പ്രയോഗികക്കുന്നത്.
2012 വരെ ഇത്തരത്തിലുള്ള കുറ്റകൃത്യം വെറും ലൈംഗികാതിക്രമമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ നിർഭയ കേസിന് ശേഷമുണ്ടായ നിയമഭേദഗതിയിൽ ഡിജിറ്റൽ റേപ്പും ബലാത്സംഗത്തിന്റെ പരിധിയിലാക്കി. പോക്സോ നിയമത്തിലും ഇത് കൂട്ടിച്ചേർത്തിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ഡിജിറ്റൽ റേപ്പിന് ശിക്ഷയായി ലഭിക്കും. ഇതിന് മുമ്പും ഡിജിറ്റൽ റേപ്പുമായി ബന്ധപ്പെട്ട കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.