കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന് റിപ്പോർട്ട്
|രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി ഡൽഹിയിലെത്തുന്നുണ്ട്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം തേടിയിട്ടുണ്ടെങ്കിലും അനുവദിച്ചിട്ടില്ല.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ അദ്ദേഹം ഡൽഹിയിലെത്തും. മത്സരിക്കുന്ന കാര്യം താൻ ആരോടും ചർച്ച ചെയ്തിട്ടില്ലെന്നും ഹൈക്കമാൻഡിൽനിന്ന് അനുമതി തേടിയിട്ടില്ലെന്നും ദിഗ്വിജയ് സിങ് എൻഡിടിവിയോട് പറഞ്ഞു. അദ്ദേഹത്തിനായി നാമനിർദേശ പത്രിക ആരെങ്കിലും കൈപ്പറ്റിയോ എന്ന് വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനൻ മിസ്ത്രി തയ്യാറായിട്ടില്ല.
മധ്യപ്രദേശിൽനിന്ന് തന്നെയുള്ള മറ്റൊരു നേതാവായ കമൽനാഥിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ഭരണം തിരിച്ചുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ദേശീയ നേതൃത്വത്തിലേക്ക് വരാൻ താൽപര്യമില്ലെന്നും അദ്ദേഹം സോണിയാ ഗാന്ധിയെ അറിയിച്ചു.
അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി ഡൽഹിയിലെത്തുന്നുണ്ട്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം തേടിയിട്ടുണ്ടെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് വിവരം. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സോണിയാ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ ഗെഹ്ലോട്ടിനെ അവർ വിശ്വാസത്തിലെടുക്കുമോ എന്ന കാര്യവും സംശയമാണ്.
ഇന്നലെ ഡൽഹിയിലെത്തിയ എ.കെ ആന്റണി ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയാണ് ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. മുതിർന്ന നേതാവായ ആന്റണിയുടെ ഇടപെടലിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സോണിയ.