India
Senior Congress leader and former Chief Minister Digvijay Singh said that Bajrang Dal will not be banned if the Congress comes to power in Madhya Pradesh, but the goons will not be spared.
India

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബജ്‌റംഗ് ദളിനെ നിരോധിക്കില്ല, എന്നാൽ ഗുണ്ടകളെ വെറുതെ വിടുകയുമില്ല'; മധ്യപ്രദേശിൽ ദിഗ്‌വിജയ് സിംഗ്

Web Desk
|
16 Aug 2023 1:20 PM GMT

ഹിന്ദു രാഷ്ട്രവുമായി ബന്ധപ്പെട്ടുള്ള കമൽ നാഥിന്റെ പ്രസ്താവനയെ ദിഗ് വിജയ് ന്യായീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബജ്‌റംഗ് ദളിനെ നിരോധിക്കില്ലെന്നും എന്നാൽ ഗുണ്ടകളെ വെറുതെ വിടുകയുമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. ഈ വർഷാവസാനത്തോടെ മധ്യപ്രദേശിൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബുധനാഴ്ച മാധ്യമങ്ങളോടാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.

വിഎച്ച്പിയുടെ യുവജന വിഭാഗമാണ് ബജ്‌റംഗ്ദൾ. ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായിരുന്ന ബിട്ടു ബജ്‌റംഗിയുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ഇന്ന് വിഎച്ച്പി അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദിഗ് വിജയ് സിംഗ് മാധ്യമങ്ങളോട് സംസാരിച്ചത്.

'ബജ്‌റംഗ് ദൾ ഗുണ്ടകളുടെ കൂട്ടമാണ്, സാമൂഹിക വിരുദ്ധരുമാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്. അതിനാൽ മോദിജിയും ശിവരാജ് ജിയും മധ്യപ്രദേശ് മുഖ്യമന്ത്രി) രാജ്യത്തെ ഭിന്നിപ്പിക്കുന്നത് നിർത്തണം. വികസനത്തിനായി സമാധാനം കൊണ്ടുവരണം' ദിഗ്‌വിജയ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് രാജ്യസഭാംഗം നിലപാട് വ്യക്തമാക്കിയത്: 'ഞങ്ങൾ നിരോധിക്കില്ല. ബജ്‌റംഗ് ദളിൽ ചില നല്ല മനുഷ്യരുമുണ്ടായേക്കാം. പക്ഷേ കലാപങ്ങളിൽ ഇടപെടുന്ന ഗുണ്ടകളെ വെറുതെ വിടില്ല' ദിഗ്വിജയ സിങ് വ്യക്തമാക്കി.

ഹിന്ദു രാഷ്ട്രവുമായി ബന്ധപ്പെട്ടുള്ള കമൽ നാഥിന്റെ പ്രസ്താവനയെ ദിഗ് വിജയ് ന്യായീകരിച്ചു. 'നിങ്ങൾ നാഥിന്റെ പ്രസ്താവനയെ തെറ്റിദ്ധരിപ്പിച്ചു. നിങ്ങളും ബിജെപിയും പറയുന്നത് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്ര പ്രകാരമാണോ ഭരണഘടന അനുസരിച്ചാണോ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തതെന്ന് ബിജെപിയോട് ഞാൻ ചോദിക്കുന്നു' അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്ര മാക്കണമെന്ന ആത്മീയ നേതാവ് ധീരേന്ദ്ര ശാസ്ത്രിയുടെ ആവശ്യത്തെ കുറിച്ച് കമൽ നാഥിനോട് ആഗസ്ത് എട്ടിന് ചില മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. 'ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ജീവിക്കുന്നത് നമ്മുടെ നാട്ടിലാണ്. 82 ശതമാനം ഹിന്ദുക്കൾ ഇവിടെ അധിവസിക്കുന്നു. അതൊരു ചർച്ചാവിഷയമല്ല. പറയേണ്ട കാര്യവുമല്ല. ഇതൊക്കെയാണ് സ്ഥിതിവിവരക്കണക്കുകൾ, ഇത് പ്രത്യേകം പറയേണ്ടതിന്റെ ആവശ്യകത എന്താണ്?' ഇതായിരുന്നു കമൽ നാഥിന്റെ വാക്കുകൾ.

ബജ്റംഗ്ദൾ ഗുണ്ടകളുടെ സംഘമാണെന്ന് ദിഗ്വിജയ സിങ് നേരത്തെ പറഞ്ഞിരുന്നു. ഹിന്ദുത്വയിൽ അല്ല, എല്ലാവരുടെയും ഐക്യവും ക്ഷേമവും ഉദ്‌ഘോഷിക്കുന്ന സനാതന ധർമത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും മധ്യപ്രദേശിലെ ജബൽപൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ദിഗ്വിജയ സിങ് പറഞ്ഞു.

'ഞങ്ങളുടേത് സനാതന ധർമമാണ്. ഞങ്ങൾ ഹിന്ദുത്വയെ ഒരു ധർമമായി കണക്കാക്കുന്നില്ല. ധർമം ജയിക്കട്ടെ, അധർമം നശിക്കട്ടെ, ലോകത്തിന് നല്ലതു വരട്ടെ- ഇതാണ് സനാതന ധർമം. എന്നാൽ ഹിന്ദുത്വ അങ്ങനെയല്ല. വിയോജിക്കുന്നവരെ മർദിക്കുക, അവരുടെ വീടുകൾ നശിപ്പിക്കുക, പണം കവരുക- ഇതാണ് ഹിന്ദുത്വം'- ദിഗ്വിജയ സിങ് പറഞ്ഞു.

ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബജ്റംഗ്ദളിനെ ബജ്റംഗ് ബലിയോട് (ഹനുമാൻ) താരതമ്യം ചെയ്യുന്നത് വേദനാജനകമാണെന്നും ദിഗ്‌വിജയ സിങ് പറഞ്ഞു. ഈ ഗുണ്ടകളുടെ സംഘം ജബൽപൂരിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തെന്നും അദ്ദേഹം പറഞ്ഞു- 'ബജ്റംഗ് ദളിനെ ബജ്റംഗ് ബലിയുമായി താരതമ്യം ചെയ്യുന്നത് ദൈവത്തെ അനാദരിക്കുന്നതിന് തുല്യമാണ്. നിങ്ങൾ മാപ്പ് പറയണം'

കോൺഗ്രസ് ഭരണഘടനയും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്ന പാർട്ടിയാണെന്ന് ദിഗ്‌വിജയ സിങ് പറഞ്ഞു. കർണാടകയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിഗ്‌വിജയ സിങ് പറഞ്ഞതിങ്ങനെ- 'വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ മതം നോക്കാതെ കേസെടുക്കാൻ സുപ്രിംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു'. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം തുടരുമെന്നും ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്നും കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.

Senior Congress leader and former Chief Minister Digvijay Singh said that Bajrang Dal will not be banned if the Congress comes to power in Madhya Pradesh, but the goons will not be spared.

Similar Posts