മമതക്കെതിരെ ആരുമില്ല; ബംഗാളിൽ നിസ്സഹായരായി ബി.ജെ.പി
|മമതക്കെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന കാര്യം ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചൊവ്വാഴ്ച പരസ്യമായി അംഗീകരിച്ചു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ ബി.ജെ.പി. മമതക്കെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന കാര്യം ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചൊവ്വാഴ്ച പരസ്യമായി അംഗീകരിച്ചു.
''അന്തിമ തീരുമാനത്തിനായി ഞങ്ങള്‍ കുറച്ചു പേരുടെ ലിസ്റ്റുകള്‍ ഡല്‍ഹിയിലേക്ക് അയക്കും. കുറച്ചാളുകളോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ അവരൊന്നും തയ്യാറായില്ല'' ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് ഘോഷ് പറഞ്ഞു. ഘോഷിന്റെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സംഘടന എത്രമാത്രം ജീർണ്ണാവസ്ഥയിലായി എന്നതിന്റെ ഏറ്റവും മോശമായ തലം വെളിപ്പെടുത്തുന്നതായി ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷൻ തന്നെ പൊതുസമൂഹത്തിൽ അശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയാണെങ്കിൽ, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനോവീര്യം എങ്ങനെ ഉയർത്തുമെന്നും അവർ ചോദിച്ചു.
ഒരു ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ മത്സരിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ആരുമില്ലെന്നത് ശരിയാണ്. പക്ഷെ അത് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ട കാര്യമാണോ? ഇതു പ്രവര്‍ത്തകര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്? ഒരു ബി.ജെ.പി പ്രവര്ത്തകന് ചോദിച്ചു. ദിലീപ് ഘോഷിന്റെ പ്രസ്താവന മുന്‍ സംസ്ഥാന അധ്യക്ഷന്‍ തതാഗത റോയിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഘോഷിന്റെ നേതൃത്വത്തെയും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതിനെയും പരസ്യമായി വിമർശിച്ച റോയ് ഭവാനിപൂരില്‍ നിന്നും മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ചിരുന്നു.
സെപ്തംബര്‍ 30നാണ് ഭവാനിപൂര്‍,ജംഗിപൂര്‍, സംസർഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മമത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എം.എല്‍.എ സോവന്‍ദേവ് ചതോപാധ്യായ രാജി വച്ചിരുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.