മുലായം സിങ്ങിന്റെ മെയിൻപുരി മണ്ഡലത്തിൽ ഡിംപിൾ യാദവ് എസ്.പി സ്ഥാനാർഥി
|പതിറ്റാണ്ടുകളായി യാദവ് കുടുംബമാണ് മെയിൻപുരി സീറ്റിൽ ജയിച്ചു വരുന്നത്.
ലഖ്‌നോ: മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ ഡിംപിൾ യാദവ് സമാജ് വാദി പാർട്ടി സ്ഥാനാർഥിയാവും. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഭാര്യയും എം.പിയുമാണ് ഡിംപിൾ യാദവ്. പതിറ്റാണ്ടുകളായി യാദവ് കുടുംബമാണ് മെയിൻപുരി സീറ്റിൽ ജയിച്ചു വരുന്നത്. മുലായം സിങ് യാദവിന്റെ രാഷ്ട്രീയ പാരമ്പര്യം ഇനി ഡിംപിൾ യാദവ് നിറവേറ്റുമെന്ന് എസ്.പി പറഞ്ഞു.
2009ൽ അഖിലേഷ് യാദവ് ഫിറോസാബാദ് സീറ്റ് വിട്ടുമാറിയപ്പോൾ 44-കാരിയായ ഡിംപിൾ യാദവിനെ മത്സര രംഗത്തേക്ക് ഇറക്കിയിരുന്നു. ഡിംപിൾ യാദവിന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരമായിരുന്നു ഇത്. ഈ ഉപതിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവിന് പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിനുശേഷം, 2012-ൽ കനൗജ് ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവ് എതിരില്ലാതെ വിജയിച്ചു.
ഇതിന് ശേഷം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിംപിൾ യാദവ് കനൗജിൽ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും 2019ൽ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സുബ്രത പതക് പതിനായിരത്തോളം വോട്ടുകൾക്ക് ഡിംപിൾ യാദവിനെ പരാജയപ്പെടുത്തി. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമാണ് മെയിൻപുരി. 1996 മുതൽ മുലായം സിങ് യാദവ് ആണ് ഇവിടെനിന്ന് വിജയിക്കുന്നത്.