സർക്കാർ ചെലവില്‍ പാർട്ടി പരസ്യങ്ങൾ; ആം ആദ്മിക്ക് 164 കോടി രൂപയുടെ റിക്കവറി നോട്ടീസ്
|10 ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ പാർട്ടി ഓഫീസ് സീൽ ചെയ്യും
ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളുടെ മറവിൽ പാർട്ടി പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‍രിവാളിന് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (ഡിഐപി) 164 കോടി രൂപയുടെ റിക്കവറി നോട്ടീസ് നൽകി. 10 ദിവസത്തിനകം പണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ പാർട്ടിയുടെ ഓഫീസ് സീൽ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് ഇത്തരം പരസ്യങ്ങൾ നൽകിയതെന്നാണ് ആരോപണം. രാഷ്ട്രീയക്കാരന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് വേണ്ടി സുപ്രിംകോടതി നേരത്തെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
2015-2016 സാമ്പത്തിക വർഷത്തിൽ ഔദ്യോഗിക പരസ്യങ്ങളെന്ന പേരിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകിയെന്നാണ് ആരോപണം. ഇതിനെ തുടർന്ന് എഎപിയിൽ നിന്ന് 97 കോടി രൂപ ഈടാക്കാൻ ഡൽഹി എൽജി വികെ സക്സേന ചീഫ് സെക്രട്ടറിയോട് ഒരുമാസം മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈതുകയുടെ പലിശയടക്കം 10 ദിവസത്തിനുള്ളിൽ 163.62 കോടി രൂപ നൽകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.അതിന് സാധിച്ചില്ലെങ്കിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ മുൻ ഉത്തരവ് പ്രകാരം പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെ എല്ലാ നിയമ നടപടികളും സമയബന്ധിതമായി സ്വീകരിക്കുമെന്ന് ഡൽഹി ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിഗ് ഡയറക്ടറേറ്റ് അറിയിച്ചു.
ആം ആദ്മി പാർട്ടിയുടെ പേര് പരാമർശിച്ചിരിക്കുന്ന പരസ്യങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രി കെജ്രിവാളിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ, പ്രതിപക്ഷത്തെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചെന്നാണ് ആരോപണമുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.