India
jhansi nicu
India

യുപിയിലെ ആശുപത്രി ദുരന്തം: 18 പേരെ പ്രവേശിക്കാവുന്നിടത്ത്​ 49 നവജാത ശിശുക്കൾ

Web Desk
|
16 Nov 2024 4:42 PM GMT

10 നവജാത ശിശുക്കളാണ്​ ലക്ഷ്​മി ഭായ്​ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്​

ഝാൻസി: 10 നവജാത ശിശുക്കൾ മരിച്ച ഉത്തർ പ്രദേശിലെ മഹാറാണി ലക്ഷ്​മി ഭായ്​ സർക്കാർ മെഡിക്കൽ കോളജിലെ എൻഐസിയു പ്രവർത്തന ശേഷിക്ക്​ അപ്പുറത്തായിരുന്നുവെന്ന്​ റിപ്പോർട്ട്​. വെള്ളിയാഴ്​ച രാത്രി നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിലാണ്​ 10 കുഞ്ഞുകൾ വെന്തുമരിച്ചത്. 16 പേർക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ബുന്ദേദ്​ഖണ്ഡിലെയും മധ്യപ്രദേശിലെ സമീപ ജില്ലകളിലുള്ളവരെല്ലാം ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്​.

18 കുഞ്ഞുങ്ങളെയാണ് ഒരേസമയം​ ഇവിടെ ചികിത്സിക്കാൻ സാധിക്കുക. എന്നാൽ, വെള്ളിയാഴ്​ച രാത്രി തീപിടിത്തം ഉണ്ടാകു​േമ്പാൾ 49 നവജാത ശിശുക്കളാണ്​​ ഉണ്ടായിരുന്നത്​. മറ്റു ആശുപത്രികളിൽ വലിയ ചെലവായതിനാലാണ്​ ഇവിടേക്ക്​ ആളുകൾ വരുന്നതെന്ന്​ മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഡോ. എൻഎസ്​ സെൻഗാർ പറയുന്നു. ഇവിടേക്ക്​ വരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ചികിത്സ നാൽകാനാണ്​ തങ്ങൾ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം വ്യക്​തമാക്കി.

മെഡിക്കൽ കോളജിൽ നവജാത ശിശു പരിചരണത്തിനായി 51 ബെഡ്ഡുകളുള്ള പുതിയ വാർഡ്​ നിർമിച്ചിട്ടുണ്ട്​. ഒരു മാസത്തിനുള്ളിൽ അവിടേക്ക്​ മാറാനിരിക്കെയാണ്​ ദാരുണമായ സംഭവമുണ്ടാകുന്നത്​. രണ്ട്​ വർഷം മുമ്പാണ്​ ഈ കെട്ടിടത്തി​െൻറ നിർമാണം ആരംഭിച്ചത്​.

തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന്​ ഉപമുഖ്യമന്ത്രി ബ്രജേഷ്​ പഥക്​ പറഞ്ഞു. ആരോഗ്യ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും വ്യത്യസ്​ത അന്വേഷണങ്ങൾ നടത്തും. ഇത്​ കൂടാതെ ജുഡീഷ്യൽ അന്വേണവും ഉണ്ടാകും. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്​ച രാത്രി 10.20ഓടെയാണ്​ തീപിടിത്തമുണ്ടാകുന്നത്​. ജനൽ ചില്ലുകൾ തകർത്താണ്​ മറ്റു നവജാത ശിശുക്കളെ രക്ഷിച്ചത്​. ഇത്തരത്തിൽ 39 കുഞ്ഞുങ്ങളെ​ രക്ഷിക്കാനായി.. ഈ കുഞ്ഞുങ്ങളെ മെഡിക്കൽ കോളജിലെ മറ്റു വാർഡിലേക്കും ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ നില തൃപ്​തികരമാണെന്നാണ്​ റിപ്പോർട്ട്​. മരിച്ചവരുടെ കുടുംബങ്ങൾക്ക്​ അഞ്ച്​ ലക്ഷവും പരിക്കേറ്റവർക്ക്​ 50,000 രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​. 1968ലാണ്​ ഈ മെഡിക്കൽ കോളജ്​ ആരംഭിക്കുന്നത്​. 2012 മുതൽ ന്യൂബോൺ ഐസിയു പ്രവർത്തിക്കുന്നുണ്ട്​.

Related Tags :
Similar Posts