India
ഡല്‍ഹി ബിജെപിയില്‍ അതൃപ്തി: എഴുപതോളം നേതാക്കള്‍ എഎപിയിലേക്കെന്ന് സൂചന
India

ഡല്‍ഹി ബിജെപിയില്‍ അതൃപ്തി: എഴുപതോളം നേതാക്കള്‍ എഎപിയിലേക്കെന്ന് സൂചന

Web Desk
|
29 Jun 2021 7:02 AM GMT

ആഭ്യന്തര സർവേ റിപ്പോർട്ട് പ്രകാരം ബിജെപി ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മാത്രമേ വിജയിക്കൂ

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡല്‍ഹി ബിജെപിയില്‍ അതൃപ്തി. തെരഞ്ഞെടുപ്പിനായി പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒരു തരത്തിലുള്ള തയ്യാറെടുപ്പും നടത്തുന്നില്ലെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പരാതി.

വടക്കുകിഴക്കൻ ഡല്‍ഹിയില്‍ നിന്നുള്ള ഒരു പ്രമുഖ കൗൺസിലറുടെ പുറത്തുപോകലും രണ്ട് വക്താക്കളുടെ പരസ്യ പ്രതികരണവുമാണ് ബിജെപിയിലെ ഭിന്നത പുറത്തുകൊണ്ടുവന്നത്. എഴുപതോളം നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ എഎപിയിലേക്ക് പോകാനിടയുണ്ടെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

സമീപകാല സംഭവങ്ങളില്‍ നിന്ന് പാര്‍ട്ടി ഒന്നും പഠിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. സംഘടനയെ ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കളാരും പാര്‍ട്ടിയിലെ അസംതൃപ്തരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ഭൂരിഭാഗം അസംതൃപ്തരും സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ബ്രഹ്മപുരി വാർഡിലെ കൗൺസിലർ രാജ്കുമാർ ബല്ലൻ ആം ആദ്മി പാർട്ടിയിൽ ചേർന്നിട്ടും എന്താണ് പ്രശ്നമെന്ന ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്നാണ് പരാതി.

തുടർച്ചയായ അവഗണനക്കെതിരെ ബിജെപി വക്താക്കളായ താജീന്ദർ പാൽ സിംഗും ഹരീഷ് ഖുറാനയും പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. സോഷ്യൽ മീഡിയയില്‍ ശ്രദ്ധേയമായ സാന്നിധ്യമായ താജീന്ദർ തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി നേതാവെന്ന പരാമര്‍ശം നീക്കി. ഖുറാനയാകട്ടെ പാർട്ടിയുടെ മിക്ക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും പുറത്തുപോകുകയും ചെയ്തു.

മുനിസിപ്പൽ തെരഞ്ഞെടുപ്പ് ബിജെപി കോർ മീറ്റിംഗുകളുടെ അജണ്ടയിൽ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് പരാജയം സമ്മതിക്കുന്നതിന് തുല്യമാണിതെന്ന് ചില നേതാക്കള്‍ പരാതിപ്പെടുന്നു. ആഭ്യന്തര സർവേ റിപ്പോർട്ട് പ്രകാരം ബിജെപി ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ മാത്രമേ വിജയിക്കൂ. 2017ൽ ബിജെപി 180 വാർഡുകളില്‍ വിജയിച്ചിരുന്നു. അതേസമയം ഓരോ വീട്ടിലുമെത്തി പ്രചാരണം നടത്താന്‍ താഴേത്തട്ടില്‍ 15-22 പേര്‍ അടങ്ങുന്ന സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹിയിലെ ബിജെപി ജനറൽ സെക്രട്ടറി ഹർഷ്ദീപ് മൽഹോത്ര പറഞ്ഞത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രശ്‌നങ്ങളും നീരസവും പരിഹരിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. നിരവധി ആം ആദ്മി പ്രവർത്തകര്‍ ബിജെപിയിൽ ചേരാൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹർഷ്ദീപ് മൽഹോത്ര അവകാശപ്പെട്ടു.

Similar Posts