അതിർത്തിയിലെ ഇന്ത്യ-ചൈന സേനാ പിന്മാറ്റം പൂർത്തിയായി
|കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളുടെയും പട്രോളിങ് ഉടൻ ആരംഭിക്കും
ഡല്‍ഹി: അതിർത്തിയിലെ ഇന്ത്യ-ചൈന സേനാ പിന്മാറ്റം പൂർത്തിയായി. കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളുടെയും പട്രോളിങ് ഉടൻ ആരംഭിക്കും. സേന പിന്മാറ്റം ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ പുതിയ വികസന അവസരങ്ങൾ തുറക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ പറഞ്ഞു.
സേനാ പിന്മാറ്റം പൂർത്തിയായതോടെ കിഴക്കൻ ലഡാക്കിലെ ഡെപ്സാങ് ഡെംചോക്ക് പ്രദേശങ്ങളിൽ പട്രോളിംഗ് പുനരാരംഭിക്കുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യയും ചൈനയും. വിപുലമായ നയതന്ത്ര, സൈനിക ചർച്ചകൾക്ക് ശേഷം ഈ മാസമാദ്യം ആരംഭിച്ച സൈനിക പിന്മാറ്റം ഇന്നലെയാണ് പൂർത്തിയായത്.
മേഖലയിലെ സൈനിക ക്യാമ്പുകളും പൊളിച്ചു നീക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2020ൽ ഗാൽവാൻ മേഖലയിൽ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സുരക്ഷ വർധിപ്പിച്ചത്. അതേസമയം സേനാപിന്മാറ്റം ഇരു രാജ്യങ്ങൾക്കും ഇടയിലെ സാമ്പത്തിക വ്യാപാര മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കും എന്നാണ് വിലയിരുത്തൽ.