വിശ്വസ്തർക്ക് സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തിൽ നേതാക്കൾ; രാജസ്ഥാനിലെ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിലും കോൺഗ്രസിലും തർക്കം
|200 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 167 ഉം ബിജെപിക്ക് 76ഉം സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിക്കാനുണ്ട്
ജയ്പൂര്: രാജസ്ഥാനിലെ സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പിയിലും കോൺഗ്രസിലും തർക്കങ്ങൾ തുടരുന്നു. വിശ്വസ്തർക്ക് സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് നേതാക്കൾ.
200 മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 167 ഉം ബിജെപിക്ക് 76 ഉം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഉണ്ട്. മണ്ഡലങ്ങളിൽ തുടരുന്ന തർക്കമാണ് സ്ഥാനാർത്ഥി നിർണയം വൈകിപ്പിക്കുന്നത് . കോൺഗ്രസിലാണ് പ്രതിസന്ധി അതി രൂക്ഷമായി തുടരുന്നത്. വിശ്വസ്തർക്ക് സീറ്റ് ഉറപ്പിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലാണ് അശോക് ഗെഹാലോട്ടും സച്ചിൻ പൈലറ്റും.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചുരുക്കം ചില മന്ത്രിമാരും, എം.എൽ.എമാരും മാത്രമാണ് സ്ഥാനം പിടിച്ചത്. ആദ്യ ചർച്ചയിൽ തന്നെ നൂറു മണ്ഡലങ്ങളിൽ ഒറ്റ പേരിലേക്ക് എത്തിയെന്ന് കെ.സി വേണുഗോപാൽ അടക്കമുള്ളവർ പറയുമ്പോഴും 33 സ്ഥാനാർത്ഥികളെ മാത്രമാണ് കോൺഗ്രസിന് പ്രഖ്യാപിക്കാനായത്. സംസ്ഥാനത്തും കേന്ദ്രത്തും സമവായം ഉണ്ടാക്കിയാൽ മാത്രമായിരിക്കും അടുത്ത സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ സാധിക്കൂ.
എന്നാൽ 124 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബി.ജെ.പിക്കും വെല്ലുവിളികൾ ഏറെയാണ്. എം.പിമാരെ സ്ഥാനാർത്ഥിയാക്കുന്നതിൽ സംസ്ഥാനത്ത് ഇപ്പോഴും അമർഷം പുകയുകയാണ്.
83 സ്ഥാനാർത്ഥികളെ പുതിയതായി പ്രഖ്യാപിച്ചതിലും വിമത സാന്നിധ്യം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. വസുന്ധര രാജയുടെ സ്ഥാനാർത്ഥിത്വം ചെറുതായെങ്കിലും നിലവിലെ പ്രതിസന്ധിക്ക് അയവ് വരുത്തിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് ആരെ ഉയർത്തി കാണിക്കും എന്നതും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുകയാണ്.