കൊങ്കുനാട് രൂപീകരണം: തമിഴ്നാട് ബിജെപിയില്‍ ഭിന്നത
|ബിജെപി കോയമ്പത്തൂർ നോർത്ത് ഘടകം വിഭജനത്തെ പിന്തുണച്ച് പ്രമേയം പാസാക്കിയപ്പോൾ ഈറോഡ്, ചെന്നൈ ഘടകങ്ങൾ വിഭജന നീക്കത്തിൽ എതിർപ്പ് അറിയിച്ചു.
തമിഴ്നാട് വിഭജിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംസ്ഥാന ബിജെപിയിൽ ഭിന്നത. ബിജെപി കോയമ്പത്തൂർ നോർത്ത് ഘടകം വിഭജനത്തെ പിന്തുണച്ച് പ്രമേയം പാസാക്കിയപ്പോൾ ഈറോഡ്, ചെന്നൈ ഘടകങ്ങൾ വിഭജന നീക്കത്തിൽ എതിർപ്പ് അറിയിച്ചു.
ഇന്നലെ ചേർന്ന കോയമ്പത്തൂർ നോർത്ത് ബിജെപി എക്സിക്യുട്ടീവ് യോഗത്തിലാണ് തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നത്. ജനങ്ങളുടെ താൽപര്യം അതാണെന്നും കേന്ദ്രസർക്കാർ ഉടൻ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാൽ വിഭജനം കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നാണ് ഈറോഡ് ഘടകത്തിന്റെ നിലപാട്. കോവിഡ് വാക്സിൻ വിതരണത്തിൽ പോലും മേഖലയോട് കാണിച്ച വിവേചനമാണ് വിഘടനവാദത്തിന് തിരികൊളുത്തിയതെന്നും അവർ ആരോപിച്ചു.
സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾക്ക് വിഭജന നീക്കത്തിൽ എതിർപ്പുണ്ടെന്നാണ് സൂചന. ജനവികാരം പഠിച്ച ശേഷം നിലപാടറിയിക്കാമെന്നാണ് നിയുക്ത സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല പ്രതികരിച്ചത്.
എന്താണ് കൊങ്കുനാട്
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ 10 ലോക്‌സഭ, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കൊങ്കുനാടിനെ തമിഴ്നാട്ടില്‍ നിന്ന് വിഭജിക്കാനാണ് ബിജെപിയുടെ ശ്രമെന്നാണ് ആരോപണം. അണ്ണാഡി.എം.കെയുടെ ശക്തികേന്ദ്രമാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും നേരിയ സ്വാധീനമുണ്ട്. അണ്ണാഡിഎംകെയും ബിജെപിയും സഖ്യത്തിലാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.
എതിര്‍പ്പുമായി ഡിഎംകെയും ഇടത് പാര്‍ട്ടികളും
തമിഴ്നാട്ടില്‍ ബിജെപിയുടെ മുൻ പ്രസിഡന്‍റായ എൽ മുരുകൻ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. കൊങ്കുനാടിന്‍റെ പ്രതിനിധി ആയാണ് കേന്ദ്രസർക്കാർ മുരുകനെ വിശേഷിപ്പിച്ചത്. തൊട്ടുപിന്നാലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്ന് തമിഴ് ദിനപ്പത്രത്തിൽ റിപ്പോർട്ടും വന്നു. ഈ റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്. തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി. തമിഴ്നാടിനെ വിഭജിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു.