കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്; പ്രതിപക്ഷ ഐക്യം പ്രതിഷേധത്തിന് ഊർജം പകരും
|കോൺഗ്രസിനോട് അകലം പാലിച്ചു നിന്ന ആം ആദ്മി, ടി.എം.സി, ബി.ആർ.എസ് അടക്കമുള്ള പാർട്ടികൾ രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നു.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. നടപടി ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. അതേസമയം ഒ.ബി.സി വിഭാഗത്തെ രാഹുൽ അപമാനിച്ചെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനാണ് ബി.ജെ.പി നീക്കം.
ഒ.ബി.സി വിഭാഗത്തിൽ പെടുന്നതാണ് മോദി സമുദായം. കോലാറിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അപമാനിച്ചത് മോദി സമുദായത്തെയാണെന്നാണ് ബി.ജെ.പി നിലപാട്. രാജ്യവ്യാപകമായി ഈ പ്രചാരണം നടത്തി ഒ.ബി.സി വിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കം ബി.ജെ.പി ആരംഭിച്ചു. 2024 ൽ ഒ.ബി.സി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ നേടിയ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യം കൂടി ബി.ജെ.പിക്കുണ്ട്. ഒ.ബി.സി മോർച്ച നേതാക്കൾ ഇതുമായി ബന്ധപെട്ട പ്രചാരണം ഇന്ന് മുതൽ രാജ്യവ്യാപകമായി നടത്തും.
അദാനി വിഷയത്തിലടക്കം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയതിലുള്ള പ്രതികാരമാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത എന്നാണ് കോൺഗ്രസ് നിലപാട്. 2024-ൽ മോദിയും ബി.ജെ.പിയും രാഹുൽ ഗാന്ധി എന്ന പേരിനെ ഭയപ്പെടുന്നു എന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. രാഹുലിനെ അന്യായമായാണ് അയോഗ്യനാക്കിയത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. രാഹുൽ ഗാന്ധിയുടെ അയോഗ്യത പ്രതിപക്ഷ ചേരിയിൽ ഐക്യ രൂപീകരണത്തിന് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസിനോട് അകലം പാലിച്ചു നിന്ന ആം ആദ്മി, ടി.എം.സി, ബി.ആർ.എസ് അടക്കമുള്ള പാർട്ടികൾ രാഹുലിന് പിന്തുണയുമായി രംഗത്ത് വന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോടിയായി പ്രതിപക്ഷ ഐക്യം നീക്കങ്ങൾക്ക് ഇത് ഊർജം പകരും.