ഹിന്ദി ഹൃദയഭൂമിയിലേത് ഗോമൂത്ര സംസ്ഥാനങ്ങളെന്ന പരാമർശം; ഡിഎംകെ എംപിക്ക് മറുപടിയുമായി ബിജെപി
|"സനാതന പാരമ്പര്യത്തോടുള്ള അനാദരവാണ് ഡിഎംകെ എംപിയുടെ പരാമർശത്തിൽ കണ്ടത്, 'ഗോമൂത്ര'ത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് ഡിഎംകെ വൈകാതെ അറിയും"
ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലേത് ഗോമൂത്ര സംസ്ഥാനങ്ങളെന്ന ഡിഎംകെ എംപി ഡിഎൻവി സെന്തിൽകുമാറിന് മറുപടിയുമായി ബിജെപി. എംപിയുടെ പരാമർശം സനാതന പാര്യമ്പര്യത്തെ അപമാനിക്കുന്നതാണെന്നും ജനവികാരത്തിനെതിരായി പ്രവർത്തിച്ചാൽ ജനം തന്നെ മറുപടി നൽകുമെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു.
"സനാതന പാരമ്പര്യത്തോടുള്ള അനാദരവാണ് ഡിഎംകെ എംപിയുടെ പരാമർശത്തിൽ കണ്ടത്. ഗോമൂത്രത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് ഡിഎംകെ വൈകാതെ അറിയും. അവർക്കറിയാം, ഈ രാജ്യത്തെ ജനങ്ങൾ ഇത്തരമൊരു പരാമർശം സഹിക്കില്ല എന്ന്. ജനവികാരത്തിനെതിരായി പ്രവർത്തിച്ചാൽ ജനം തന്നെ അതിന് മറുപടി നൽകും". മീനാക്ഷി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും- രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്- ബിജെപി വിജയിച്ചതിന് പിന്നാലെയായിരുന്നു സെന്തിൽകുമാറിന്റെ പരാമർശം. ഹിന്ദി ഹൃദയഭൂമിയിൽ മാത്രമാണ് ബിജെപിയുടെ വിജയമെന്നും ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് തങ്ങൾ ഈ സംസ്ഥാനങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നതെന്നുമാണ് സെന്തിൽ പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു.