'ശരീരത്തിൽ സ്ത്രീക്ക് സ്വയം നിർണയാധികാരം'; ഗർഭഛിദ്ര വിധിയിൽ സുപ്രിംകോടതി പറഞ്ഞത്
|അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല
ന്യൂഡൽഹി: എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ അവകാശം ഉറപ്പുനൽകിയ വിധിയിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി സുപ്രിംകോടതി. അവിവാഹിതരായ സ്ത്രീകള്‍ക്കും ചട്ടപ്രകാരം ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ 20-24 ആഴ്ച വരെയുള്ള സമയത്തും ഗര്‍ഭഛിദ്രം നടത്താൻ അവിവാഹിതക്ക് അവകാശമുണ്ട്. ലിവ് ഇൻ ബന്ധത്തിൽ ഗർഭിണിയാകുന്ന അവിവാഹിതക്ക് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമപ്രകാരം ഗര്‍ഭഛിദ്രം അനുവദിക്കാതിരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
'എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമാനുസൃതവുമായ ഗർഭഛിദ്രത്തിന് അവകാശമുണ്ട്. 2021ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിൽ വിവാഹിതർ, അവിവാഹിതർ എന്ന വേർതിരിവില്ല. വിവാഹിതയായ സ്ത്രീക്ക് മാത്രമേ ഗർഭഛിദ്രത്തിന് അവകാശമുള്ളൂ എന്ന് നിയമത്തിൽ പറയുന്നില്ല'; കോടതി നിരീക്ഷിച്ചു.
വേർതിരിവ് വേണ്ട
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമത്തിലെ റൂൾ 3 ബി (സി) പ്രകാരം പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും സ്ത്രീക്ക് ഗർഭഛിദ്രം നടത്താൻ അവകാശമുണ്ട്. എന്നാൽ, ഈ ചട്ടം വിവാഹിതരായ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ളതല്ല.
അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല. പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാരം വിവാഹിതയല്ലാത്ത സ്ത്രീക്കും ഭരണഘടന നൽകുന്നുണ്ട്. ഇത് നിഷേധിക്കുന്നത് ആർട്ടിക്കിൾ 14ന്റെ (ആർട്ടിക്കിൾ 14 ഏതൊരു വ്യക്തിക്കും നിയമത്തിന് മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ നിയമ പരിരക്ഷയും ഉറപ്പുനൽകുന്നു) ലംഘനമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വയം നിര്‍ണയാധികാരം പ്രധാനം
ഭ്രൂണം നിലനിൽക്കുന്നത് സ്ത്രീയുടെ ശരീരത്തെ ആശ്രയിച്ചാണ്. അതിനാൽ, അത് അവസാനിപ്പിക്കാനുള്ള അവകാശം പ്രത്യുത്പാദനത്തിനുള്ള സ്വയം നിര്‍ണയാധികാര പ്രകാരം സ്ത്രീകൾക്കുണ്ട്. ഒരു സ്ത്രീക്ക് ആവശ്യമില്ലാത്ത ഗർഭം പൂർണകാലയളവിലേക്ക് തുടരാൻ ഭരണകൂടം നിർബന്ധിക്കുകയാണെങ്കിൽ അത് അവരുടെ അന്തസിന് അപമാനമായി തീരുമെന്നും കോടതി വ്യക്തമാക്കി.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം
വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ചാണ് 1971ൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം നിലവിൽ വന്നത്. എന്നാൽ, കാലത്തിനനുസരിച്ച് മാറുന്ന സാമൂഹിക മാനദണ്ഡങ്ങളോട് നിയമവും പൊരുത്തപ്പെടേണ്ടതുണ്ട്. സാമൂഹിക യാഥാർഥ്യങ്ങൾ നിയമപരമായി അംഗീകരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനത്തിലെ സുപ്രധാന വിധി
അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്ര ദിനത്തിലായിരുന്നു കോടതിയുടെ നിർണായക വിധി. വിധി പുറപ്പെടുവിച്ചതിന് ശേഷം ഒരു അഭിഭാഷകനാണ് ദിവസത്തിന്റെ പ്രത്യേകത കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതേ ദിവസം തന്നെ വിധി പുറപ്പെടുവിക്കുന്നതെന്നത് തികച്ചും യാദൃശ്ചികമാണെന്ന് പറഞ്ഞ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിന് അഭിഭാഷകനോട് നന്ദി പറഞ്ഞു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. അത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ.ബി പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.
കൂടാതെ, ഗര്‍ഭഛിദ്ര ചട്ടങ്ങള്‍ പ്രകാരം ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകാമെന്നും കോടതി വിധിയിൽ പറയുന്നു. ഭര്‍ത്താവ് നടത്തിയ ലൈംഗിക പീഡനവും ഈ നിയമപ്രകാരം ബലാത്സംഗമായി കണക്കാക്കി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കണമെന്ന് വിധി വ്യക്തമാക്കുന്നു. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹരജികൾ പരിഗണനയിലിരിക്കെയാണ് വിധിയിലെ സുപ്രധാന നിരീക്ഷണങ്ങൾ.