India
ഗ്യാൻവാപി: വാരാണസി കോടതിയിലെ എല്ലാ ഹരജികളും ജില്ലാ ജഡ്ജി പരിഗണിക്കണമെന്ന് സുപ്രിംകോടതി
India

ഗ്യാൻവാപി: വാരാണസി കോടതിയിലെ എല്ലാ ഹരജികളും ജില്ലാ ജഡ്ജി പരിഗണിക്കണമെന്ന് സുപ്രിംകോടതി

Web Desk
|
20 May 2022 11:00 AM GMT

'ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കപ്പെടണം, നമസ്‌കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസം നിൽക്കരുത്'

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും വാരാണാസി ജില്ലാ ജഡ്ജിക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവ്. കേസിന്റെ വൈകാരികതയും സങ്കീർണ്ണതയും പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി. ജില്ലാ ജഡ്ജി തീരുമാനം എടുക്കുന്നത് വരെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. സർവേ തന്നെ റദ്ദാക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അവധിക്കാലം കഴിഞ്ഞ് സുപ്രിംകോടതി പരിഗണിക്കും.

ഗ്യാൻവ്യാപി മസ്ജിദിൽ ആരാധന നടത്തണമെന്ന് അവകാശ വാദം ഉന്നയിച്ച് നൽകിയ ഹർജി നിയമപരമായി നിലനിൽക്കുമോ എന്നതിലാണ് ജില്ല ജഡ്ജി ആദ്യം തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് വരെയും അതിന് ശേഷവും എട്ടാഴ്ച വരെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വൈകാരികതയും സങ്കീർണ്ണതയും പരിഗണിച്ചാണ് മുതിർന്ന അനുഭവ പരിചയമുള്ള ജഡ്ജിയിലേക്ക് ഹരജികൾ കൈമാറുന്നതെന്ന് കോടതി പറഞ്ഞു. ജില്ലാ ജഡ്ജി തീരുമാനം എടുക്കുന്നത് വരെ ഇടക്കാല ഉത്തരവ് തുടരും.

ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കുന്നതോടൊപ്പം വിശ്വാസികൾക്ക് നിസ്‌കാരം നടത്താൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. പള്ളിയിൽ നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതിന് പ്രത്യേകം സംവിധാനം ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിന് ചുമതല നൽകി. 1991 ൽ പാർലമെന്റ് പാസാക്കിയ ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന് എതിരാണ് വാരാണസി കോടതിയിലെ നടപടിയെന്ന് മസ്ജിദ് കമ്മിറ്റി ഇന്നും കോടതിയിൽ വാദിച്ചു. അഡ്വക്കേറ്റ് കമ്മിഷണരെ നിയമിച്ചത് മുതൽ റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നത് വരെ എല്ലാ നടപടികളും തെറ്റായാണ് നടന്നതെന്നും ഹരജിക്കാർ വ്യക്തമാക്കി. 500 വർഷം പഴക്കമുള്ള പള്ളിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മസ്ജിദ് സമിതി വ്യക്തമാക്കി.

അഡ്വക്കേറ്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്ന നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിവരങ്ങൾ ചോരാതിരിക്കാൻ നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. സർവേ നടപടികൾ നിർത്തിവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യം തള്ളണമെന്നാണ് ഇന്ന് എതിർ കക്ഷികൾ കോടതിയിൽ ആവശ്യപ്പെട്ടത്.

ശിവലിംഗം കണ്ടെത്തിയ ഭാഗത്ത് സർവേ നടത്തണമെന്നും എതിർകക്ഷികൾ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇരുകക്ഷികൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതിനാൽ സർവേ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹരജിക്കാരുടെ വാദങ്ങൾ

1. ആരാധനാലയങ്ങളെ സംരക്ഷിക്കുന്ന നിയമത്തിന്റെ ലംഘനം

2. വുസു ഖാന സീൽ ചെയ്ത ഉത്തരവ് സ്റ്റേ ചെയ്യണം

3. പള്ളിയിൽ തൽസ്ഥിതി തുടരാൻ അനുവദിക്കണം

4. 500 വർഷം പാരമ്പര്യമുള്ള പള്ളി സംരക്ഷിക്കപ്പെടണം

5. റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം വേണം

6. വിചാരണ കോടതിയിലെ നടപടികൾ പൂർണമായും തെറ്റ്

എതിർകക്ഷിയുടെ വാദങ്ങൾ

1. സർവേ നടപടികൾ നിർത്തിവെക്കരുത്

2. നിയമലംഘനം ഉണ്ടായിട്ടില്ല

3. ശിവലിംഗം കണ്ടെത്തിയ ഭാഗങ്ങൾ സംരക്ഷിക്കപ്പെടണം


Similar Posts